ഖത്തറിലെ സ്വകാര്യ സ്കൂളുകളിൽ ഈവനിംഗ് ഷിഫ്റ്റുകൾ വ്യാപിപ്പിച്ചു; ഇന്ത്യൻ സ്കൂളുകൾക്ക് വലിയ പങ്ക്

ഖത്തറിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ഈവനിംഗ് സ്റ്റഡി സിസ്റ്റം (വൈകുന്നേരത്തെ ക്ലാസുകൾ) വൻതോതിൽ വ്യാപിപ്പിച്ചതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) അറിയിച്ചു. വിദ്യാഭ്യാസ ശേഷി വർദ്ധിപ്പിക്കുന്നതിനും വിദ്യാർത്ഥികൾക്ക് ഫ്ലെക്സിബിൾ പഠനസാധ്യതകൾ ഒരുക്കുന്നതിനുമായി 37 സ്വകാര്യ സ്കൂളുകൾക്കും അവയുടെ ബ്രാഞ്ചുകൾക്കുമാണ് നിലവിൽ വൈകുന്നേരത്തെ ക്ലാസുകൾ നടത്താൻ അനുമതി നൽകിയിട്ടുള്ളത്. ഇതിൽ ഇന്ത്യൻ കരിക്കുലം സ്കൂളുകൾക്കാണ് ഏറ്റവും വലിയ പങ്കുള്ളത്. കൂടാതെ നാഷണൽ സ്റ്റാൻഡേർഡ്സ്, ബ്രിട്ടീഷ്, സിറിയൻ, ഈജിപ്ഷ്യൻ ഉൾപ്പെടെയുള്ള വിവിധ അന്താരാഷ്ട്ര കരിക്കുലങ്ങളും ഇതിൽ ഉൾപ്പെടുന്നു. മോണിംഗ് ഷിഫ്റ്റുകളിൽ സീറ്റുകൾ പൂർണ്ണമായി നിറയുകയും അഡ്മിഷനായി കൂടുതൽ ആവശ്യക്കാർ ഉണ്ടാവുകയും ചെയ്യുന്ന സ്കൂളുകൾക്ക് മാത്രമാണ് ഈവനിംഗ് സെഷൻ പ്രവർത്തിക്കാനുള്ള അനുമതി നൽകുന്നത്.
രാവിലെയുള്ള സ്കൂളുകൾക്ക് സമാനമായ അതേ ഗുണനിലവാരവും അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് മാനദണ്ഡങ്ങളും നിരീക്ഷണ സംവിധാനങ്ങളുമാണ് ഈവനിംഗ് സ്കൂളുകൾക്കും ബാധകം. കൂടാതെ അറബിക് ഭാഷ, ഇസ്ലാമിക് എജ്യുക്കേഷൻ, ഹിസ്റ്ററി ഓഫ് ഖത്തർ എന്നീ മൂന്ന് നിർബന്ധിത വിഷയങ്ങൾ ഈ ക്ലാസുകളിലും കൃത്യമായി പഠിപ്പിക്കണം. രക്ഷിതാക്കളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി മന്ത്രാലയത്തിന്റെ സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രോജക്റ്റുമായി സഹകരിച്ച് അർഹരായ കുടുംബങ്ങളിലെ കുട്ടികൾക്ക് സൌജന്യമായോ കുറഞ്ഞ ഫീസിലോ പഠിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കും. ചില സ്കൂളുകൾ നിശ്ചിത യോഗ്യത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പൂർണ്ണമായും സൌജന്യ ഈവനിംഗ് വിദ്യാഭ്യാസ പരിപാടികളും വാഗ്ദാനം ചെയ്യുന്നുണ്ട്.




