ഖത്തർ ടൂറിസം അംഗീകൃത ഗൈഡ് ആകാം; ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു

ദോഹ: ടൂറിസം പ്രതിഭകളെ വളർത്തിയെടുക്കുന്നതിനായി ഖത്തർ ടൂറിസം, ടൂറിസം ഗൈഡ് പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഖത്തറിന്റെ സവിശേഷമായ സംസ്കാരവും ചരിത്രവും സന്ദർശകരുമായി പങ്കുവെക്കാൻ താൽപ്പര്യമുള്ള പ്രതിഭകളെ സജ്ജരാക്കുകയാണ് ഇതിന്റെ ലക്ഷ്യം. കുട്ടികൾ മുതൽ മുതിർന്നവർ വരെയും വിവിധ പ്രവൃത്തിപരിചയമുള്ളവരുമായ ആളുകൾക്കായി വ്യത്യസ്ത കോഴ്സുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ വർക്ക്‌ഷോപ്പുകൾ, പ്രായോഗിക പരിശീലനങ്ങൾ, ഫീൽഡ് വിസിറ്റുകൾ എന്നിവയും പ്രോഗ്രാമിന്റെ ഭാഗമായി നടക്കും.
ടൂറിസം ഗൈഡ് ട്രെയിനിംഗ് പ്രോഗ്രാം (ജനറൽ ലൈസൻസിങ് മോഡ്യൂൾ)
18 വയസ്സും അതിനുമുകളിലുമുള്ള 15 മുതൽ 25 വരെ സ്വദേശികൾക്കും പ്രവാസികൾക്കുമായാണ് ഈ പരിശീലനം. 2026 ജൂലൈ 5 മുതൽ ഓഗസ്റ്റ് 2 വരെയാണ് ഈ പ്രോഗ്രാം നടക്കുക. വിരമിച്ചവർക്കും പ്രായമായവർക്കും ഈ കോഴ്സിൽ പങ്കെടുക്കാൻ പ്രത്യേക പ്രോത്സാഹനം നൽകുന്നുണ്ട്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഖത്തർ ടൂറിസത്തിന്റെ ലൈസൻസിങ് ഡിപ്പാർട്ട്മെന്റ് നൽകുന്ന ഔദ്യോഗിക ടൂർ ഗൈഡ് ലൈസൻസ് ലഭിക്കും.
- രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://docs.google.com/forms/u/4/d/e/1FAIpQLSeiIatHH4oXe8fSmGBhq8L8CodfScu1v7eDRxH2-vIYkkMleg/viewform
യൂത്ത് ടൂർ ഗൈഡ് ട്രെയിനിംഗ് പ്രോഗ്രാം
13 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടുള്ള ഈ പരിശീലന പരിപാടി 2026 ജൂലൈ 18-ന് ആരംഭിക്കും. ഖത്തർ മ്യൂസിയംസിലെ ടീൻ സെന്ററുമായി സഹകരിച്ചാണ് ഇതിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. മുൻപ് നടന്ന ‘ട്രെയിൻ ദി ട്രെയിനർ’ പ്രോഗ്രാമിൽ നിന്ന് യോഗ്യത നേടിയവരാണ് ഈ ക്ലാസുകൾ നയിക്കുക.
- രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://forms.gle/Y9XGMBRhVBZGtZsP9
യങ് ടൂർ ഗൈഡ് സമ്മർ ക്യാമ്പ് 2026
8 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കായി കിഡ്സ്മോണ്ടോയിൽ (KidzMondo) വെച്ച് 2026 ജൂലൈ 19 മുതൽ ഓഗസ്റ്റ് 27 വരെ സമ്മർ ക്യാമ്പ് സംഘടിപ്പിക്കും. 25 കുട്ടികൾ വീതമുള്ള ആറ് ഗ്രൂപ്പുകൾക്കായിരിക്കും ക്യാമ്പ്. ലൈസൻസുള്ള ടൂർ ഗൈഡുകൾ നയിക്കുന്ന വിവിധ വിനോദ പരിപാടികളിലൂടെ കുട്ടികളിൽ ഖത്തറിലെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള ആദ്യകാല അവബോധം വളർത്താൻ ഇത് സഹായിക്കും.
- രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://forms.gle/9NPuPYAy2hNSEUHZ8
ട്രെയിനർമാർക്കുള്ള പ്രത്യേക പരിശീലനം
ഈ യുവജന പദ്ധതികൾക്ക് പിന്തുണയേകാൻ ജൂൺ 14 മുതൽ ജൂലൈ 1 വരെയുള്ള കാലയളവിൽ ‘ട്രെയിൻ ദി ട്രെയിനർ – ഗൈഡിങ് ദി നെക്സ്റ്റ് ജനറേഷൻ’ എന്ന പ്രോഗ്രാം നടക്കുന്നുണ്ട്. കുട്ടികൾക്കും യുവാക്കൾക്കും കൃത്യമായ രീതിയിൽ അറിവ് പകർന്നുനൽകാൻ ട്രെയിനർമാരെ പ്രാപ്തരാക്കുന്നതാണ് ഈ കോഴ്സ്.




