യുഎസ് പ്രതിനിധികൾ ദോഹയിലുണ്ടെങ്കിലും ഇറാനുമായി നേരിട്ടുള്ള ചർച്ചകൾ നടത്തില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം

അമേരിക്കൻ പ്രതിനിധികളായ ജാരെഡ് കുഷ്നറും സ്റ്റീവ് വിറ്റ്കോഫും ദോഹയിൽ എത്തിയിട്ടുണ്ടെന്നും എന്നാൽ അവർ ഇറാനുമായി നേരിട്ടുള്ള ചർച്ചകളിൽ ഏർപ്പെടില്ലെന്നും ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി വ്യക്തമാക്കി. ഖത്തർ ഉദ്യോഗസ്ഥരുമായും മധ്യസ്ഥരുമായും പ്രാദേശിക വിഷയങ്ങൾ, ലബനൻ പ്രതിസന്ധി, ഇറാൻ ചർച്ചകൾ എന്നിവയെക്കുറിച്ച് സംസാരിക്കാനാണ് അവർ എത്തിയിരിക്കുന്നത്.
6 ബില്യൺ ഡോളറിന്റെ മരവിപ്പിച്ച ഇറാൻ ആസ്തികൾ ഇതുവരെ ടെഹ്റാനിലേക്ക് മാറ്റിയിട്ടില്ലെന്നും ഇത് ചർച്ചകളുടെ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോർമൂസ് കടലിടുക്കിലെ സുരക്ഷിതമായ കപ്പൽ ഗതാഗതത്തിനായി ഖത്തർ ഒമാനുമായി ഏകോപനം നടത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച യുഎസും ഇറാനും തമ്മിലുണ്ടായ വെടിവെയ്പ്പ് നിയന്ത്രിക്കാൻ പ്രത്യേക ഹോട്ട്ലൈൻ സംവിധാനം ഉപയോഗിച്ചിരുന്നു. അന്താരാഷ്ട്ര കടലിടുക്കായ ഹോർമൂസിലൂടെ തടസ്സങ്ങളില്ലാതെ കപ്പലുകൾക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനാണ് ഖത്തർ മുൻഗണന നൽകുന്നത്.
👉 ഖത്തർ മലയാളീസ് ഗ്രൂപ്പിൽ ഇതുവരെ ജോയിൻ ചെയ്യാത്തവർക്ക് – https://chat.whatsapp.com/CwiiNIjiISE1yfFluDnsRe?s=cl&p=a&mlu=2




