
ഖത്തറിൽ കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കരട് നിയമത്തിന്റെ നിർദ്ദേശം മന്ത്രിസഭ (കാബിനറ്റ്) അവലോകനം ചെയ്തു. ശൂറ കൗൺസിൽ സമർപ്പിച്ച നിർദ്ദേശമാണ് കാബിനറ്റ് പരിശോധിച്ചത്. 16 വയസ്സിൽ താഴെയുള്ള കുട്ടികൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കാനും ഓൺലൈൻ വിപത്തുകളിൽ നിന്നുള്ള സുരക്ഷ ശക്തമാക്കാനും ലക്ഷ്യമിട്ടാണ് ഈ നിയമനിർമ്മാണം. കൂടുതൽ പഠനങ്ങൾക്കായി ഈ കരട് രൂപം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.
മൃഗസംരക്ഷണ നിയമത്തിനും അനുമതി
നിലവിലുള്ള നിയമങ്ങൾ ആധുനികരിക്കാനും രോഗനിയന്ത്രണ മാർഗ്ഗങ്ങൾ ശക്തമാക്കാനും ലക്ഷ്യമിട്ടുള്ള പുതിയ മൃഗസംരക്ഷണ നിയമത്തിന് (Animal Health Law) ശൂറ കൗൺസിൽ നൽകിയ അംഗീകാരം കാബിനറ്റ് രേഖപ്പെടുത്തി. ഖത്തറിന്റെ ഈ മേഖലയിലെ നിയന്ത്രണങ്ങൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമാക്കാൻ പുതിയ നിയമം സഹായിക്കും.
റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് നിയമങ്ങളിൽ ഭേദഗതി
റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നിയമനിർമ്മാണത്തിലെ ഭേദഗതികൾക്ക് ലഭിച്ച അംഗീകാരവും മന്ത്രിമാർ വിലയിരുത്തി. ഇതനുസരിച്ച് ഈ മേഖലയുടെ നിയന്ത്രണ ചുമതലകൾ നീതിന്യായ മന്ത്രാലയത്തിൽ (Ministry of Justice) നിന്നും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിലേക്ക് മാറ്റും.




