Qatar

ഡൈവിംഗ് പരിശീലിക്കുന്നവർ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം

ഖത്തറിൽ ഡൈവിംഗ് ഒരു കായിക വിനോദമായി പരിശീലിക്കുന്നവർക്കായി ആഭ്യന്തര മന്ത്രാലയം പുതിയ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സമുദ്രാന്തർ ഭാഗത്തെ അപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജനങ്ങൾ സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.

പരിശീലനവും തയ്യാറെടുപ്പുകളും

സ്‌കൂബ ഡൈവിംഗിനോ ഫ്രീ ഡൈവിംഗിനോ മുമ്പായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് സർട്ടിഫൈഡ് പരിശീലനം നേടിയിരിക്കണമെന്ന് മന്ത്രാലയം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. ഡൈവിംഗിന് ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം. ഒരിക്കലും ഒറ്റയ്ക്ക് ഡൈവിംഗിന് പോകരുത്. കാലാവസ്ഥയും കടലിലെ സാഹചര്യങ്ങളും മുൻകൂട്ടി പരിശോധിക്കുകയും അനുയോജ്യമല്ലാത്ത സാഹചര്യങ്ങളിൽ ഡൈവിംഗ് ഒഴിവാക്കുകയും വേണം.

ആരോഗ്യവും പരിസ്ഥിതിയും

ഭക്ഷണം കഴിച്ച ഉടനോ ഏകാഗ്രതയെ ബാധിക്കുന്ന മരുന്നുകൾ കഴിച്ച ശേഷമോ ഡൈവിംഗ് ചെയ്യരുത്. സമുദ്രത്തിലെ ജീവജാലങ്ങളെ സ്പർശിക്കാനോ ശല്യം ചെയ്യാനോ പാടില്ല. സമുദ്ര പരിസ്ഥിതിയുടെ സംരക്ഷണം ഉറപ്പാക്കാൻ ഓരോ ഡൈവർക്കും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

മുൻകരുതൽ നടപടികൾ

ഡൈവിംഗിന് പോകുന്നതിന് മുമ്പ് ഡൈവിംഗ് ലൊക്കേഷൻ, മടങ്ങിവരാൻ ഉദ്ദേശിക്കുന്ന സമയം എന്നിവ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കണം. ബോട്ടുകൾക്കും മറ്റുള്ളവർക്കും മുന്നറിയിപ്പ് നൽകുന്നതിനായി വെള്ളത്തിന് മുകളിൽ വ്യക്തമായി കാണാവുന്ന രീതിയിലുള്ള ‘ഡൈവിംഗ് ഫ്ലാഗ്’ ഉള്ള ബോയ് (Buoy) സ്ഥാപിക്കണം. ഡൈവിംഗ് സമയത്ത് ആഴം, മർദ്ദം, ടാങ്കിലെ വായുവിന്റെ അളവ് എന്നിവ തുടർച്ചയായി നിരീക്ഷിക്കണം. നിയന്ത്രിത മേഖലകളിൽ പ്രവേശിക്കരുതെന്നും രാജ്യത്തിന്റെ സമുദ്ര അതിർത്തികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Related Articles

Back to top button