
ഖത്തറിലെ ജനറൽ ടാക്സ് അതോറിറ്റി (GTA) 2025 നികുതി വർഷത്തെ ടാക്സ് റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂൺ 30 വരെ നീട്ടിയതായി അറിയിച്ചു. നികുതിദായകർക്ക് തങ്ങളുടെ ബാധ്യതകൾ നിറവേറ്റുന്നതിന് കൂടുതൽ സമയം നൽകുന്നതിനും നിയമങ്ങൾ പാലിക്കുന്നത് എളുപ്പമാക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അതോറിറ്റി വ്യക്തമാക്കി.
ആർക്കൊക്കെ ബാധകം?
വാണിജ്യ രജിസ്ട്രേഷൻ, ട്രേഡ് ലൈസൻസ്, ഹോം ലൈസൻസ് എന്നിവയുള്ള എല്ലാ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഈ കാലാവധി നീട്ടൽ ബാധകമാണ്. നികുതി ഇളവുള്ള സ്ഥാപനങ്ങൾ, ഖത്തരി പൗരന്മാരുടെയോ ജിസിസി പൗരന്മാരുടെയോ ഉടമസ്ഥതയിലുള്ള കമ്പനികൾ, സ്വകാര്യ അസോസിയേഷനുകൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും. 2018-ലെ ആദായനികുതി നിയമം നമ്പർ (24)-ന് കീഴിൽ വരുന്ന എല്ലാ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും.
സമർപ്പിക്കേണ്ട രീതി
റിട്ടേൺ സമർപ്പിക്കാത്തവർ നിശ്ചിത സമയത്തിനകം ‘ധരീബ’ (Dhareeba) ടാക്സ് പോർട്ടൽ വഴി അപേക്ഷകൾ നൽകണം. പിഴകൾ ഒഴിവാക്കുന്നതിനും ബിസിനസ്സ് തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും കൃത്യസമയത്ത് റിട്ടേൺ സമർപ്പിക്കണമെന്ന് അതോറിറ്റി നിർദ്ദേശിച്ചു. എന്നാൽ, പെട്രോളിയം, പെട്രോകെമിക്കൽ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ഈ ഇളവ് ബാധകമല്ല; അവർ 2026 ഏപ്രിൽ 30-നകം തന്നെ റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്.
സഹായത്തിനായി വിവിധ സംവിധാനങ്ങൾ
നികുതിദായകരെ സഹായിക്കുന്നതിനും നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനുമായി വിപുലമായ സപ്പോർട്ട് ചാനലുകൾ അതോറിറ്റി ഒരുക്കിയിട്ടുണ്ട്. സംശയങ്ങൾക്കും അന്വേഷണങ്ങൾക്കുമായി 16565 എന്ന കോൾ സെന്റർ നമ്പറിലോ ഇമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്. ബിസിനസ്സ് സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുന്നതിനും നികുതി നടപടികൾ ലളിതമാക്കുന്നതിനുമുള്ള ജിടിഎയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പുതിയ തീരുമാനം.




