
ദോഹ: പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് മെയ് മാസത്തിൽ ദോഹയിൽ നടക്കേണ്ടിയിരുന്ന ഡയമണ്ട് ലീഗ് അത്‌ലറ്റിക്സ് മീറ്റ് മാറ്റിവെച്ചു. ആറാഴ്ചത്തേക്കാണ് മത്സരം നീട്ടിയിരിക്കുന്നത്. ഇതനുസരിച്ച് ജൂൺ 19-നായിരിക്കും പുതുക്കിയ തീയതിയിൽ മത്സരങ്ങൾ നടക്കുകയെന്ന് സംഘാടകർ ബുധനാഴ്ച അറിയിച്ചു.
ഈ വർഷത്തെ ഡയമണ്ട് ലീഗ് പരമ്പരയുടെ ഉദ്ഘാടന മത്സരം മെയ് 8-ന് ദോഹയിൽ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ കായികതാരങ്ങളുടെയും കാണികളുടെയും സുരക്ഷ മുൻനിർത്തിയാണ് ഇപ്പോൾ മാറ്റിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്.
അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് ധാരണയായെങ്കിലും നിലവിലെ അനിശ്ചിതാവസ്ഥ തുടരുന്നതിനാലാണ് സംഘാടകർ ഈ മുൻകരുതൽ സ്വീകരിച്ചത്. മേഖലയിലെ സാഹചര്യം അനുകൂലമാണെങ്കിൽ ജൂൺ 19-ന് തന്നെ ദോഹയിൽ ട്രാക്ക് ആവേശമുണരുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു




