QatarTechnology
സാമ്പത്തിക ബാധ്യതകൾ ഇനി മെട്രാഷ് വഴി അടയ്ക്കാം; ലളിതമായ നടപടിക്രമങ്ങളുമായി ആഭ്യന്തര മന്ത്രാലയം

ദോഹ: ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെർച്ച് ആൻഡ് ഫോളോ അപ്പ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾ (Financial Claims) ഇനി മുതൽ മെട്രാഷ് (Metrash) ആപ്പ് വഴി നേരിട്ട് അടയ്ക്കാം. ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം ഈ പുതിയ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
മൂന്ന് ലളിതമായ ഘട്ടങ്ങളിലൂടെ ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് മന്ത്രാലയം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി:
- ഘട്ടം 1: മെട്രാഷ് ആപ്പിലെ ‘Security’ വിൻഡോ തുറക്കുക. അതിൽ കാണുന്ന ‘Financial Claims’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- ഘട്ടം 2: ഇവിടെ വ്യക്തിഗത ആവശ്യങ്ങൾക്കായി ‘Personal’ എന്നോ സ്ഥാപനങ്ങളുടെ ആവശ്യങ്ങൾക്കായി ‘Establishment’ എന്നോ ഉള്ള ഓപ്ഷനുകളിൽ ഒന്ന് തിരഞ്ഞെടുക്കാം.
- ഘട്ടം 3: തുടർന്ന് വരാനുള്ള തുകയോ ടിക്കറ്റുകളോ ‘Records’ എന്ന വിഭാഗത്തിൽ തെളിയും. ഇവിടെ നിന്നും ആവശ്യമായ തുക സെലക്ട് ചെയ്ത് ‘Pay’ ബട്ടൺ ഉപയോഗിച്ച് പണമടയ്ക്കാവുന്നതാണ്.
റസിഡൻസി സംബന്ധമായ അന്വേഷണങ്ങൾ, ട്രാഫിക് പിഴകൾ എന്നിവയ്ക്ക് പുറമെ സാമ്പത്തിക ക്ലെയിമുകൾ കൂടി ആപ്പിൽ ഉൾപ്പെടുത്തിയത് പ്രവാസികൾക്കും കമ്പനികൾക്കും വലിയ ആശ്വാസമാകും. ഗവൺമെന്റ് സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നടപടി.




