Qatar
ഖത്തറിൽ മത്സ്യബന്ധന ബോട്ടുകൾക്ക് നാളെ മുതൽ കടലിൽ പോകാം; കർശന നിർദ്ദേശങ്ങളുമായി ഗതാഗത മന്ത്രാലയം

ദോഹ: ഖത്തറിൽ മത്സ്യബന്ധനത്തിനായി ലൈസൻസുള്ള ബോട്ടുകൾക്കും കപ്പലുകൾക്കും നാളെ (മാർച്ച് 30, തിങ്കൾ) മുതൽ ഘട്ടംഘട്ടമായി കടലിൽ പോകാൻ അനുമതി നൽകുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. എന്നാൽ യാത്ര പുറപ്പെടുന്നതിന് മുൻപും യാത്രയിലുടനീളവും പാലിക്കേണ്ട ചില സാങ്കേതിക സുരക്ഷാ മാനദണ്ഡങ്ങൾ മന്ത്രാലയം കർശനമായി നിഷ്കർഷിച്ചിട്ടുണ്ട്.
മന്ത്രാലയത്തിന്റെ പ്രധാന നിർദ്ദേശങ്ങൾ:
- സുരക്ഷാ പരിശോധന: ഓരോ ബോട്ടും യാത്ര പുറപ്പെടുന്നതിന് മുൻപ് അതിന്റെ സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പുവരുത്തണം.
- AIS സംവിധാനം: യാത്രയിലുടനീളം ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (AIS) പ്രവർത്തിപ്പിക്കണം. തിരികെ ഹാർബറിൽ എത്തുന്നത് വരെ ഇത് നിർബന്ധമാണ്.
- VHF റേഡിയോ: ആശയവിനിമയത്തിനായി വിഎച്ച്എഫ് റേഡിയോ (ചാനൽ 16) സജ്ജമായിരിക്കണം. യാത്ര അവസാനിക്കുന്നത് വരെ ഇത് ഓൺ ആയിരിക്കണം.
- നിയമങ്ങൾ: മറൈൻ വെസൽസ് നിയമങ്ങളും അതിലെ എല്ലാ എക്സിക്യൂട്ടീവ് നിർദ്ദേശങ്ങളും കൃത്യമായി പാലിച്ചിരിക്കണം.
നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സുരക്ഷാ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.




