ഖത്തറിൽ സ്കൂളുകൾ നാളെ തുറക്കും; ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രാലയം

ദോഹ: ഖത്തറിലെ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ നേരിട്ടുള്ള അധ്യയനം (In-person classes) ഞായറാഴ്ച പുനരാരംഭിക്കും. ഇതിനാവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഏകദേശം 4,17,000 വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് സ്കൂളുകളിൽ ഒരുക്കിയിരിക്കുന്നത്.
വിദ്യാഭ്യാസ പ്രക്രിയ തടസ്സമില്ലാതെയും സുസ്ഥിരമായും മുന്നോട്ട് കൊണ്ടുപോകുന്നതിനും അനുയോജ്യമായ സ്കൂൾ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണ് ഈ നടപടികൾ. വിവിധ സാഹചര്യങ്ങളിൽ പഠനത്തിന്റെ തുടർച്ച നിലനിർത്തുന്നതിനായി മന്ത്രാലയം സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമാണിതെന്ന് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിലും പ്രവർത്തന സംവിധാനങ്ങളുടെയും സാങ്കേതിക സേവനങ്ങളുടെയും കാര്യക്ഷമത ഉറപ്പാക്കുന്നതിലും ജനറൽ സർവീസസ് ഡിപ്പാർട്ട്മെന്റ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് സുരക്ഷിതവും സുസ്ഥിരവുമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനായി സേവനദാതാക്കളുടെ സന്നദ്ധതയും അധികൃതർ ഉറപ്പുവരുത്തിയിട്ടുണ്ട്.




