ഖത്തറിൽ പുതിയ വാഹന നമ്പർ പ്ലേറ്റുകൾ വരുന്നു; രണ്ടാം ഘട്ടം ഏപ്രിൽ ഒന്ന് മുതൽ

ദോഹ: രാജ്യത്തെ സ്വകാര്യ വാഹനങ്ങൾക്ക് പുതിയ ഡിസൈനിലുള്ള നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചു തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നമ്പർ പ്ലേറ്റുകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട പദ്ധതി ഏപ്രിൽ ഒന്ന് മുതലാണ് ആരംഭിക്കുന്നത്.
പുതുതായി രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ വാഹനങ്ങൾക്കാണ് ഏപ്രിൽ മുതൽ പുതിയ പ്ലേറ്റുകൾ ലഭിക്കുക. അനുവദിക്കപ്പെട്ട ക്രമമനുസരിച്ച് Q, T, R എന്നീ അക്ഷരങ്ങളിലായിരിക്കും ഈ ഘട്ടത്തിൽ നമ്പറുകൾ അനുവദിക്കുക. അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗതാഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ ഈ നീക്കം.
മൂന്ന് ഘട്ടങ്ങളിലായുള്ള മാറ്റം:
- ഒന്നാം ഘട്ടം: 2025 ഡിസംബറിൽ ‘സൂം’ (Sooum) ആപ്പ് വഴി സ്പെഷ്യൽ നമ്പറുകൾ സ്വന്തമാക്കിയവർക്ക് ‘Q’ എന്ന അക്ഷരത്തോടു കൂടിയ പ്ലേറ്റുകൾ നൽകിക്കൊണ്ട് തുടക്കമിട്ടു.
- രണ്ടാം ഘട്ടം: ഏപ്രിൽ 1 മുതൽ പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക്.
- മൂന്നാം ഘട്ടം: നിലവിൽ ഉപയോഗത്തിലുള്ള എല്ലാ സ്വകാര്യ വാഹനങ്ങളുടെയും നമ്പർ പ്ലേറ്റുകൾ മാറ്റുന്നതാണ് അവസാന ഘട്ടം. നിലവിലുള്ള നമ്പറിനൊപ്പം ‘Q’ എന്ന അക്ഷരം കൂടി ചേർത്തായിരിക്കും പ്ലേറ്റുകൾ പരിഷ്കരിക്കുക. ഇതിനായുള്ള തീയതി പിന്നീട് പ്രഖ്യാപിക്കും.
നിലവിലുള്ള പ്ലേറ്റുകൾ ഉപയോഗിക്കുന്നവർക്ക് പെർമിറ്റ് പുതുക്കാനോ പ്ലേറ്റിന് കേടുപാടുകൾ സംഭവിച്ചാൽ മാറ്റാനോ നിലവിൽ തടസ്സമുണ്ടാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മൂന്നാം ഘട്ടത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ നിലവിലെ പ്ലേറ്റുകൾ തന്നെ ഉപയോഗിക്കാം.




