
ദോഹ: കായിക പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന ‘ഖത്തർ ഫുട്ബോൾ ഫെസ്റ്റിവൽ 2026’ റദ്ദാക്കിയതായി സംഘാടക സമിതി അറിയിച്ചു. യുവേഫ (UEFA), കോൺമെബോൾ (CONMEBOL) എന്നിവയുമായി സഹകരിച്ച് ലുസൈൽ സ്റ്റേഡിയത്തിൽ നടത്താനിരുന്ന അർജന്റീന – സ്പെയിൻ ‘ഫൈനലിസീമ’ പോരാട്ടം ഉൾപ്പെടെയുള്ള പരിപാടികളാണ് ഇതോടെ ഇല്ലാതായത്.
വ്യോമഗതാഗത തടസ്സങ്ങളും യാത്രാ നിയന്ത്രണങ്ങളും ആരാധകരുടെയും കളിക്കാരുടെയും യാത്രയെ ബാധിക്കുന്നതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ടൂർണമെന്റ് റദ്ദാക്കുന്നതാണ് ഉചിതമെന്ന് മൂന്ന് സംഘടനകളും സംയുക്തമായി തീരുമാനിക്കുകയായിരുന്നു.
ടിക്കറ്റ് തുക തിരികെ ലഭിക്കും
ഫെസ്റ്റിവലിനായി ടിക്കറ്റ് എടുത്തവർക്ക് 30 ദിവസത്തിനുള്ളിൽ പണം പൂർണ്ണമായും തിരികെ ലഭിക്കും. ടിക്കറ്റ് വാങ്ങാൻ ഉപയോഗിച്ച അതേ രീതിയിൽ തന്നെ (Original payment method) തുക ക്രെഡിറ്റ് ചെയ്യപ്പെടുമെന്ന് അധികൃതർ അറിയിച്ചു. 30 ദിവസത്തിന് ശേഷവും തുക ലഭിക്കാത്തവർക്ക് support@tickets.roadtoqatar.qa എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്. ടൂർ ഓപ്പറേറ്റർമാർ വഴി പാക്കേജുകൾ ബുക്ക് ചെയ്ത വിദേശ ആരാധകരെ റീഫണ്ട് സംബന്ധിച്ച വിവരങ്ങൾക്കായി നേരിട്ട് ബന്ധപ്പെടുമെന്നും സമിതി അറിയിച്ചു.




