ഖത്തറിൽ ചെറിയ പെരുന്നാൾ മാർച്ച് 20-ന്; മാസപ്പിറവി പ്രവചനവുമായി ഖത്തർ കലണ്ടർ ഹൗസ്

ദോഹ: ഖത്തർ കലണ്ടർ ഹൗസിലെ (QCH) വിദഗ്ധർ നടത്തിയ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഈ വർഷത്തെ ഈദ് അൽ-ഫിത്തർ 2026 മാർച്ച് 20 വെള്ളിയാഴ്ചയായിരിക്കുമെന്ന് റിപ്പോർട്ട്. ശവ്വാൽ മാസപ്പിറവി സംബന്ധിച്ച പ്രാഥമിക വിവരങ്ങളാണ് കലണ്ടർ ഹൗസ് പുറത്തുവിട്ടത്.
ഈ വർഷത്തെ ശവ്വാൽ മാസപ്പിറവി മാർച്ച് 19 വ്യാഴാഴ്ച ദോഹ സമയം പുലർച്ചെ 4:24-ന് ദൃശ്യമാകാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ. അതേസമയം, മാർച്ച് 18 ബുധനാഴ്ച വൈകുന്നേരം ഖത്തർ ആകാശത്ത് മാസപ്പിറവി ദൃശ്യമാകുന്നത് ജ്യോതിശാസ്ത്രപരമായി അസാധ്യമാണെന്നും അധികൃതർ വ്യക്തമാക്കി.
ജ്യോതിശാസ്ത്ര കണക്കുകൾ ഇതാണെങ്കിലും, മാസപ്പിറവി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മതകാര്യ മന്ത്രാലയത്തിന് (ഔഖാഫ്) കീഴിലുള്ള ക്രസന്റ് സൈറ്റിംഗ് ഇൻവെസ്റ്റിഗേഷൻ കമ്മിറ്റിയുടേതായിരിക്കും. വരും ദിവസങ്ങളിൽ കമ്മിറ്റി യോഗം ചേർന്ന് മാസപ്പിറവി സ്ഥിരീകരിക്കുന്നതോടെ പെരുന്നാൾ തീയതിയിൽ അന്തിമ തീരുമാനമാകും.



