
ദോഹ: ഖത്തറിലെ ആരോഗ്യ മേഖലയിലെ നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചതിനെത്തുടർന്ന് സ്വകാര്യ ഹെൽത്ത് കോംപ്ലക്‌സിലെ ഡെർമറ്റോളജി ആൻഡ് ലേസർ യൂണിറ്റ് താൽക്കാലികമായി അടച്ചുപൂട്ടാൻ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ഉത്തരവിട്ടു. മന്ത്രാലയത്തിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് കെയർ പ്രൊഫഷൻസ് ടീം നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയത്.
വിദഗ്ധ ഡോക്ടറുടെ അഭാവത്തിൽ ലേസർ യൂണിറ്റ് പ്രവർത്തിപ്പിച്ചു, നഴ്‌സിംഗ് സ്റ്റാഫുകൾക്ക് അവരുടെ ലൈസൻസിനും പ്രൊഫഷണൽ പരിധിക്കും പുറത്തുള്ള ജോലികൾ ചെയ്യാൻ അനുവാദം നൽകി എന്നിവയാണ് പ്രധാന ലംഘനങ്ങൾ. ഡോക്ടറുടെ കൺസൾട്ടേഷനോ മേൽനോട്ടമോ ഇല്ലാതെ നഴ്‌സുമാർ രോഗികൾക്ക് ലേസർ ചികിത്സ നൽകിയതായും പരിശോധനയിൽ വ്യക്തമായി. കൂടാതെ, ഡോക്ടർ രാജ്യത്തിന് പുറത്തായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഔദ്യോഗിക മുദ്ര (Stamp) ദുരുപയോഗം ചെയ്തതായും മന്ത്രാലയം കണ്ടെത്തി.
നിയമലംഘനം നടത്തിയ സ്ഥാപനത്തിനും ജീവനക്കാർക്കും എതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രാലയം അറിയിച്ചു. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആരോഗ്യ സ്ഥാപനങ്ങളിലെ മെഡിക്കൽ ഡയറക്ടർമാർ കൃത്യമായ മേൽനോട്ടം വഹിക്കണമെന്നും, ആരോഗ്യ പ്രവർത്തകർ തങ്ങൾക്ക് അനുവദിച്ചിട്ടുള്ള പ്രവർത്തന പരിധിക്കുള്ളിൽ നിന്ന് മാത്രമേ സേവനം നൽകാവൂ എന്നും മന്ത്രാലയം കർശന നിർദ്ദേശം നൽകി.




