Qatar

ദേശീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു; ഖത്തറിലെ 47 സ്വകാര്യ സ്‌കൂളുകൾക്ക് ‘സുവർണ്ണ പദവി’

ദോഹ: വിദ്യാർത്ഥികൾക്കിടയിൽ ഖത്തറിന്റെ ദേശീയ വ്യക്തിത്വവും മൂല്യങ്ങളും വളർത്തുന്നതിൽ മികച്ച പ്രകടനം കാഴ്ചവെച്ച 47 സ്വകാര്യ സ്‌കൂളുകൾക്ക് വിദ്യാഭ്യാസ മന്ത്രാലയം (MoEHE) സുവർണ്ണ വർഗ്ഗീകരണം (Gold Classification) നൽകി. മന്ത്രാലയം നടപ്പിലാക്കുന്ന ‘ഖിയമി തർസുമു ഹവിയ്യത്തി’ (എന്റെ മൂല്യങ്ങൾ എന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നു) എന്ന ദേശീയ പദ്ധതിയുടെ ഭാഗമായാണ് ഈ അംഗീകാരം.

വിദ്യാർത്ഥികളിൽ മാതൃരാജ്യത്തോടുള്ള സ്നേഹവും സാംസ്കാരിക ബോധവും ഉറപ്പിക്കുന്നതിനായി സ്‌കൂളുകൾ നടത്തിയ ദീർഘകാല പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയത്. മന്ത്രാലയത്തിലെ സ്വകാര്യ സ്‌കൂൾ-കിന്റർഗാർട്ടൻ വിഭാഗം കൺസൾട്ടന്റ് ഹുസൈൻ അൽ യഫീ ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്‌കൂളുകൾ നടപ്പിലാക്കിയ വിവിധ ബോധവൽക്കരണ പരിപാടികൾ, ദേശീയ പരിപാടികളിലെ പങ്കാളിത്തം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവ വിശദമായി വിലയിരുത്തിയ ശേഷമാണ് സുവർണ്ണ പദവി നൽകിയത്. കേവലം ഒരു പദവി എന്നതിലുപരി, ഖത്തരി സംസ്കാരവും ഇസ്‌ലാമിക മൂല്യങ്ങളും മുറുകെ പിടിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കാനുള്ള നീക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ദേശീയതയും സാംസ്കാരിക തനിമയും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് 2024 മുതൽ 2027 വരെയുള്ള മൂന്ന് വർഷത്തെ പദ്ധതിയാണ് നിലവിൽ നടപ്പിലാക്കി വരുന്നത്.

Related Articles

Back to top button