പുതിയ അധ്യയന വർഷത്തിനു തുടക്കം കുറിച്ച് സെപ്റ്റംബർ 1നു 378,134 വിദ്യാർത്ഥികൾ ഖത്തറിലെ സ്‌കൂളുകളിലേക്കെത്തും
പുതിയ അധ്യയന വർഷത്തിനു തുടക്കം കുറിച്ച് 2024 സെപ്റ്റംബർ 1 ഞായറാഴ്‌ച ഖത്തറിലെ 378,134 വിദ്യാർത്ഥികൾ സ്‌കൂളിലേക്ക് മടങ്ങും. 303 സർക്കാർ സ്‌കൂളുകളിലെയും കിൻ്റർഗാർട്ടനുകളിലെയും ജീവനക്കാർ അവിടേക്കുള്ള 136,802 വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനു ആഗസ്റ്റ് 25 മുതൽ തയ്യാറെടുക്കാൻ തുടങ്ങിയതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) അറിയിച്ചു.
വിദ്യാർത്ഥികൾക്കായി 2,353 ബസുകളും 160 പ്രത്യേക ട്രാൻസ്പോർട്ട് വാഹനങ്ങളും തയ്യാറാക്കിയിട്ടുണ്ട്. സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ 48,319 ഖത്തറികളടക്കം 241,332 വിദ്യാർഥികളാണുള്ളത്. ഈ വർഷം, 13 പുതിയ സ്വകാര്യ സ്‌കൂളുകളും കിൻ്റർഗാർട്ടനുകളും തുറന്നു. വിദ്യാഭ്യാസ വൗച്ചർ സംവിധാനത്തിൻ്റെ ഭാഗമായ 134 സ്വകാര്യ സ്‌കൂളുകളുണ്ട്, 31,572 ഖത്തറി വിദ്യാർത്ഥികളെ ഇവർ സഹായിക്കുന്നു.
എയർ കണ്ടീഷനിംഗ്, സുരക്ഷാ സംവിധാനങ്ങൾ, സ്‌കൂൾ കഫറ്റീരിയകൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെ സർക്കാർ സ്‌കൂളുകൾ പുതുവർഷത്തിനായുള്ള ഒരുക്കങ്ങൾ നല്ല രീതിയിൽ പൂർത്തിയാക്കിയിട്ടുണ്ട്.
ഉന്നത ഉദ്യോഗസ്ഥരും വിദ്യാഭ്യാസ നേതാക്കളും പങ്കെടുത്തു MoEHE ആസ്ഥാനത്ത് നടന്ന വാർഷിക യോഗത്തിൽ പുതുവർഷത്തിനായുള്ള പദ്ധതികൾ ചർച്ച ചെയ്‌തു. മന്ത്രി ബുതൈന ബിൻത് അലി അൽ ജബ്ർ അൽ നുഐമിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടുള്ള ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ ആഹ്വാനം ചെയ്‌തിട്ടുണ്ട്.
ഈ അധ്യയന വർഷം വിജയകരമാക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് MoEHE അണ്ടർസെക്രട്ടറി ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമി സംസാരിച്ചു. ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനും സ്‌കൂളിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ പ്രതിബദ്ധത അദ്ദേഹം വ്യക്തമാക്കി.