സ്വകാര്യമേഖലയിൽ ഖത്തറി തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കുന്ന നിയമം, കൂടുതൽ വ്യക്തത വരുത്തി തൊഴിൽ മന്ത്രാലയം
സ്വകാര്യ മേഖലയിലെ ജോലികളിൽ ഖത്തറി തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 2024 ലെ 12-ാം നമ്പർ നിയമത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തി തൊഴിൽ മന്ത്രാലയം. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അടുത്തിടെയാണ് ഈ നിയമം കൊണ്ടുവന്നത്.
ഖത്തർ പൗരന്മാർക്ക് കൂടുതൽ തൊഴിലും പരിശീലന അവസരങ്ങളും സൃഷ്‌ടിക്കാനും വിദഗ്ദരായ വിദേശ പ്രൊഫഷണലുകളെ ആകർഷിക്കുന്നതിനൊപ്പം ഖത്തരി തൊഴിലാളികളുടെ കഴിവുകൾ ഉപയോഗപ്പെടുത്തുകയുമാണ് ഇതിന്റെ ലക്ഷ്യം. സ്വകാര്യ മേഖലയിലെ ജോലികളിൽ ഖത്തറികളുടെയും ഖത്തരി വനിതകളുടെ കുട്ടികളുടെയും പങ്കാളിത്തം വർധിപ്പിക്കാൻ നിയമം ലക്ഷ്യമിടുന്നു.
തൊഴിൽ വിപണി ഖത്തറികൾക്ക് കൂടുതൽ ആകർഷകമാക്കുക, പ്രാദേശിക പ്രതിഭകളെ നിയമിക്കുന്നതിനും നിലനിർത്തുന്നതിനും കമ്പനികളെ സഹായിക്കുക, സ്വകാര്യ മേഖലയിലെ ജോലികളിൽ ഖത്തരി പങ്കാളിത്തം വർധിപ്പിക്കുക, കൂടുതൽ ഖത്തരി തൊഴിലാളികളെ നിയമിക്കാൻ ബിസിനസുകളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് നിയമത്തിൻ്റെ ലക്ഷ്യങ്ങൾ.
ദേശസാൽക്കരണ നിയമം ഏതൊക്കെ സ്ഥാപനങ്ങളെയാണ് ബാധിക്കുന്നതെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
– വ്യക്തികളായ തൊഴിലുടമകൾ നടത്തുന്ന, വാണിജ്യ രജിസ്റ്ററിൽ ലിസ്റ്റ് ചെയ്‌തിരിക്കുന്ന സ്വകാര്യ ബിസിനസുകൾ.
– രാജ്യത്തിന്റെ പൂർണ ഉടമസ്ഥതയിലുള്ളതോ ഭാഗികമായി രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ളതോ സ്വകാര്യ ഉടമസ്ഥതയിലുള്ളതോ ആയവ ഉൾപ്പെടെ രാജ്യത്ത് പ്രവർത്തിക്കുന്ന വാണിജ്യ കമ്പനികൾ.
– പ്രൈവറ്റ് നോൺ പ്രോഫിറ്റ് ഇൻസ്റ്റിട്യൂഷൻസ്, കായിക സംഘടനകൾ, അസോസിയേഷനുകൾ, സമാന ഗ്രൂപ്പുകൾ.
സ്വകാര്യ മേഖലയ്ക്കായി തൊഴിൽ ദേശസാൽക്കരണ പദ്ധതി രൂപീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇതു പ്രകാരം ബിസിനസുകളെ അവയുടെ വലുപ്പം, തൊഴിൽ ശക്തി, അവർ വാഗ്ദാനം ചെയ്യുന്ന ജോലികൾ എന്നിവയെ അടിസ്ഥാനമാക്കി തരം തിരിക്കും. പരിശീലനം, നിയമനം, യോഗ്യത, യൂണിവേഴ്‌സിറ്റി സ്കോളർഷിപ്പുകൾ എന്നിവയ്ക്കുള്ള നയങ്ങൾ ഇതിൽ ഉൾപ്പെടും.
തൊഴിൽ മേഖലയിൽ ഖത്തറികളുടെയും ഖത്തരി സ്ത്രീകളുടെ കുട്ടികളുടെയും എണ്ണം വർധിപ്പിക്കുന്നതിലുള്ള നിരവധി പ്രശ്‌നങ്ങൾ തൊഴിൽ ദേശസാൽക്കരണ നിയമം കൈകാര്യം ചെയ്യുന്നുണ്ടെന്നും മന്ത്രാലയം എടുത്തുപറഞ്ഞു. സ്വകാര്യ മേഖലയിലെ ജോലികൾ അവർക്ക് കൂടുതൽ ആകർഷകമാക്കുന്നതിനും അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു സഹായിക്കാൻ ആവശ്യമായ വ്യവസ്ഥകളും നടപടിക്രമങ്ങളും നിയമം പ്രതിപാദിക്കുന്നു.
പുതിയ നിയമത്തിൻ്റെ പ്രധാന ഭാഗങ്ങളിൽ ഇവ ഉൾപ്പെടുന്നു:
സാമ്പത്തിക പ്രോത്സാഹനങ്ങൾ: ഖത്തറികൾക്കും ഖത്തരി വനിതകളുടെ കുട്ടികൾക്കും സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കും.
ആനുകൂല്യങ്ങൾ: ദേശസാൽക്കരണ പദ്ധതിയിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്ക് വിവിധ ആനുകൂല്യങ്ങൾ ലഭിക്കും.
തൊഴിലും പരിശീലനവും: മന്ത്രാലയത്തിൻ്റെ നയങ്ങളും പദ്ധതികളും അടിസ്ഥാനമാക്കി ഖത്തറികളെയും അവരുടെ കുട്ടികളെയും ജോലിക്ക് നിയമിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും യോഗ്യത നൽകുന്നതിലും നിയമം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
വിദ്യാഭ്യാസത്തിനുള്ള പിന്തുണ: തൊഴിൽ മന്ത്രാലയത്തിന് പ്രോത്സാഹനങ്ങളും സൗകര്യങ്ങളും വാഗ്ദാനം ചെയ്യാനും, സ്വകാര്യ മേഖലയിലെ ജോലികൾക്കായി പൗരന്മാരെ സജ്ജമാക്കുന്നതിന് മറ്റ് അധികാരികളുമായി ഏകോപിപ്പിച്ച് യൂണിവേഴ്‌സിറ്റി പഠനത്തിനായി സ്പോൺസർ ചെയ്യാനും കഴിയും.
ഖത്തരികൾക്ക് തൊഴിൽ സുരക്ഷിതത്വവും സുസ്ഥിരമായ തൊഴിൽ അന്തരീക്ഷവും ഉറപ്പാക്കുന്നതിന്, തൊഴിൽ ദേശസാൽക്കരണ നിയമത്തിന് സ്റ്റാൻഡേർഡ് തൊഴിൽ കരാർ ടെംപ്ലേറ്റുകൾ ആവശ്യമാണ്, അത് എല്ലാ സ്ഥാപനങ്ങളും പാലിക്കണം.
തൊഴിൽ സേനയിൽ ഖത്തറികളുടെയും അവരുടെ കുട്ടികളുടെയും പങ്കാളിത്തം വർധിപ്പിക്കാൻ തൊഴിൽ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. സ്വകാര്യ മേഖലയുമായി സഹകരിച്ച് പരിശീലന പരിപാടികൾ നടത്തി അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും അവരെ ജോലിക്ക് സജ്ജമാക്കുന്നതിനും ഇത് സഹായിക്കും. ദേശസാൽക്കരണ നയങ്ങൾ കമ്പനികൾ എത്രത്തോളം നന്നായി പിന്തുടരുന്നുണ്ടെന്നും മന്ത്രാലയം നിരീക്ഷിക്കും.