ഖത്തറിൽ വേട്ടയാടൽ സീസൺ ആരംഭിച്ചു, നിയമങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശം
ഖത്തറിൽ വന്യമൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്ന സീസൺ സെപ്‌തംബർ 1, ഞായറാഴ്‌ച മുതൽ ആരംഭിച്ചു. പ്രാദേശിക വന്യജീവികളെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ വേട്ടയാടുന്നവർ കർശനമായി പാലിക്കണമെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) ഓർമ്മിപ്പിച്ചു.
വേട്ടയാടൽ സീസൺ 2025 ഫെബ്രുവരി 15 വരെ നീണ്ടുനിൽക്കും, ഇത് പരമ്പരാഗത രീതികളും ഫാൽക്കണുകളും ഉപയോഗിച്ച് പ്രധാനമായും ദേശാടന പക്ഷികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഹൂബറ ബസ്റ്റാർഡ് പക്ഷികളെ ഫാൽക്കണുകൾ ഉപയോഗിച്ച് മാത്രമേ വേട്ടയാടാവൂ. ഇലക്‌ട്രോണിക് ബേർഡ് കോളർ പോലുള്ള ആധുനിക ഉപകരണങ്ങൾ ഉപയോഗിക്കുന്നത് അനുവദനീയമല്ല, അത് നിയമവിരുദ്ധമായി കണക്കാക്കും.
സംരക്ഷിത പ്രദേശങ്ങൾ, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ, പൊതു ഉദ്യാനങ്ങൾ, പാർക്കുകൾ, നഗര പരിധികൾ എന്നിവിടങ്ങളിൽ വേട്ടയാടുന്നത് ഒഴിവാക്കണം. വംശനാശഭീഷണി നേരിടുന്നവയേയും, സംരക്ഷിത ജീവികളായി കണക്കാക്കുന്നവയെയും വേട്ടയാടുന്നതു നിരോധിച്ചിരിക്കുന്നു.
2023ലെ മന്ത്രിതല തീരുമാനം നമ്പർ 24 അനുസരിച്ച്, വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെയും പക്ഷികളെയും ഉരഗങ്ങളെയും വേട്ടയാടുന്നതും സൂക്ഷിക്കുന്നതും രണ്ട് വർഷത്തേക്ക് നിരോധിച്ചിട്ടുണ്ട്. കാട്ടുമുയലുകൾ, ഒട്ടകപ്പക്ഷികൾ, ഗസല്ലകൾ, ഹണി ബാഡ്‌ജറുകൾ, ജെർബോകൾ, മുള്ളൻപന്നികൾ, ഷ്രൈക്ക് പക്ഷികൾ, അഗമ പല്ലികൾ, ബ്ലാക്ക് ഐഡ് വീറ്റ്ഈറ്റേഴ്‌സ്, ചെറിയ ഗ്രെബുകൾ, റൂഫസ്-ടെയിൽഡ് സ്‌ക്രബ് റോബിൻസ്, സ്പൈനി-ടെയിൽഡ് ലിസാർഡ്‌സ്, മോണിറ്റർ ലിസാർഡ്‌സ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പക്ഷികളെ പരിശീലിപ്പിച്ചും ഉപകരണങ്ങൾ ഒരുക്കിയും ഫാൽക്കണറുകൾ സീസണിനായി തയ്യാറെടുത്തിട്ടുണ്ട്. ചിലർ സൂഖ് വാഖിഫ് മാർക്കറ്റിൽ നിന്ന് പുതിയ ഫാൽക്കണുകളെ വാങ്ങിയിട്ടുണ്ട്. ഈ പരുന്തുകൾ ഇറക്കുമതി ചെയ്തതോ പ്രാദേശികമായി വളർത്തുന്നതോ ആകാം. ഫാൽക്കണറുകൾക്കുള്ള ഗിയർ കൂടുതലും പ്രാദേശികമായി നിർമ്മിച്ചതാണ്.
നിയന്ത്രിതവും സുസ്ഥിരവുമായ വേട്ടയാടൽ പരിസ്ഥിതിയെ സഹായിക്കുമെന്ന് പരിസ്ഥിതി വിദഗ്ധർ പറയുന്നു. ഇത് മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നു, പ്രകൃതിയോടുള്ള സ്നേഹം പ്രോത്സാഹിപ്പിക്കുന്നു, പ്രകൃതി സംരക്ഷണത്തെക്കുറിച്ച് യുവാക്കളെ പഠിപ്പിക്കാൻ സഹായിക്കുന്നു.