പ്രവാസി കേരളീയരുടെ മക്കൾക്കായി നോർക്ക-റൂട്ട്സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പ്, നവംബർ 30 വരെ അപേക്ഷിക്കാം
പ്രവാസി കേരളീയർ, നാട്ടിലേക്ക് തിരികെ വന്ന പ്രവാസികൾ എന്നിവരുടെ മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് സഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷത്തിൽ അധികമായി വിദേശത്ത് ജോലി ചെയ്യുന്ന, വാർഷികവരുമാനം മൂന്നു ലക്ഷത്തിൽ താഴെ വരെയുള്ളവരുടെ മക്കൾക്കാണ് സ്‌കോളർഷിപ്പിന് അർഹതയുള്ളത്.
ബിരുദാനന്തര ബിരുദ കോഴ്‌സുകൾ, പ്രൊഫെഷണൽ ഡിഗ്രി കോഴ്‌സുകൾ എന്നിവയിൽ 2024-25 അധ്യയനവർഷത്തേക്ക് ഒന്നാം വർഷമായി ചേർന്ന വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ കഴിയുക. നവംബർ 30 വരെയാണ് അപേക്ഷ സ്വീകരിക്കുക. www.scholarship.norkaroots.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്.
വിദ്യാർത്ഥികൾ പഠിക്കുന്ന കോഴ്‌സിനുള്ള യോഗ്യത പരീക്ഷയിൽ 60 ശതമാനം മാർക്ക് സ്വന്തമാക്കിയിരിക്കണം. റഗുലർ കോഴ്‌സുകൾ, കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്‌സുകൾ, അംഗീകൃത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്ക് അപേക്ഷിക്കാൻ കഴിയും.
കൂടുതൽ വിവരങ്ങൾക്ക് 0471-2770528/2770543/2770500 എന്ന നമ്പറിലും ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) എന്നിവയിൽ ബന്ധപ്പെടുക.