
കീഴ്ക്കോടതി വിധി ഇൻവെസ്റ്റ്മെന്റ് ആൻഡ് കൊമേഴ്സ് കോർട്ട് അപ്പീൽ ചേമ്പറും ശരിവെച്ചു. വാഹനത്തിന്റെ ഡ്രൈവറും ഇൻഷുറൻസ് കമ്പനിയും ചേർന്ന് സംയുക്തമായാണ് ഈ തുക നൽകേണ്ടത്.
അപകടത്തിൽ തനിക്കുണ്ടായ ഭൗതികവും മാനസികവുമായ നഷ്ടങ്ങൾക്ക് 10 ലക്ഷം റിയാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരിക്കേറ്റയാൾ കോടതിയെ സമീപിച്ചത്. ഡ്രൈവറുടെ അശ്രദ്ധയും ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതുമാണ് അപകടത്തിന് കാരണമെന്ന് വ്യക്തമാക്കിയാണ് ഈ ഹർജി നൽകിയത്. ഇതിനുമുമ്പ് ട്രാഫിക് കോടതി ഡ്രൈവർക്ക് 10,000 റിയാൽ പിഴയിട്ടിരുന്നുവെങ്കിലും അപ്പീലിൽ ഇത് 5,000 റിയാലായി കുറച്ചിരുന്നു.
തുടർന്ന് പരിക്കേറ്റയാളുടെ അഭിഭാഷകയായ റൗദ ബെഹ്സാദ് സമർപ്പിച്ച രേഖകളും തെളിവുകളും പരിശോധിച്ച കോടതി, ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തുകയായിരുന്നു.
ഇൻഷുറൻസ് വാഹനം മൂലം ഉണ്ടാകുന്ന ഭൗതികവും ശാരീരികവുമായ നാശനഷ്ടങ്ങളുടെ സിവിലിയൻ ബാധ്യത ഇൻഷുറൻസ് കമ്പനി ഏറ്റെടുക്കണമെന്നും കോടതി വ്യക്തമാക്കി. ഇരയുടെ പ്രായം, ജോലി, ലിംഗം, വരുമാന നഷ്ടം, മാനസിക ബുദ്ധിമുട്ടുകൾ എന്നിവ കണക്കിലെടുത്താണ് 450,000 റിയാൽ നഷ്ടപരിഹാരം വിധിച്ചതെന്നും, ഇത് അർഹമായ തുകയാണെന്ന് വിലയിരുത്തിയ അപ്പീൽ കോടതി കീഴ്ക്കോടതി വിധി ശരിവെക്കുകയായിരുന്നു.




