ഖത്തറിൽ കടൽയാത്രകൾ പുനരാരംഭിക്കുന്നു; വെസലുകൾക്ക് നിയന്ത്രണങ്ങളോടെ അനുമതി

ദോഹ: ഖത്തറിലെ സമുദ്ര ഗതാഗത മേഖലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഗതാഗത മന്ത്രാലയം (MOT) ഉത്തരവിറക്കി. എല്ലാ വിഭാഗത്തിലുമുള്ള കപ്പലുകൾക്കും മറ്റ് സമുദ്ര ഗതാഗത മാർഗങ്ങൾക്കും ഞായറാഴ്ച മുതൽ സർവീസ് പുനരാരംഭിക്കാൻ അനുമതി നൽകി.
സമയക്രമം ഇങ്ങനെ
പുതിയ ഉത്തരവ് പ്രകാരം ഞായറാഴ്ച മുതൽ രാവിലെ 6:00 മുതൽ വൈകുന്നേരം 6:00 വരെയാണ് വെസലുകൾക്ക് യാത്രാ അനുമതിയുള്ളത്. എന്നാൽ മത്സ്യബന്ധനത്തിന് ലൈസൻസുള്ള വെസലുകൾക്ക് ഈ സമയപരിധി ബാധകമല്ല. മത്സ്യബന്ധന ബോട്ടുകൾക്ക് നിലവിലുള്ള നിബന്ധനകൾ പാലിച്ച് 24 മണിക്കൂറും കടലിൽ തുടരാവുന്നതാണ്.
സുരക്ഷാ നിർദ്ദേശങ്ങൾ
കടലിലേക്ക് പുറപ്പെടുന്നതിന് മുൻപ് എല്ലാ വെസലുകളിലും ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ഉണ്ടെന്ന് ഓപ്പറേറ്റർമാർ ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം കർശന നിർദ്ദേശം നൽകി. സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാത്തവർക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
മേഖലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ചുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീങ്ങിയതോടെ വിനോദ സഞ്ചാര മേഖലയിലെ ബോട്ട് സർവീസുകൾക്കും ചരക്കുനീക്കത്തിനും പുതിയ തീരുമാനം വലിയ ആശ്വാസമാകും.




