
ദോഹ: ഖത്തറിൽ കമ്പനികൾ നടത്തുന്ന നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടികളുമായി വാണിജ്യ വ്യവസായ മന്ത്രാലയം (MoCI). നിയമലംഘനം നടത്തുന്ന കമ്പനികൾക്ക് ഒരു മില്യൺ (പത്ത് ലക്ഷം) ഖത്തർ റിയാൽ വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം, നിയമലംഘനങ്ങൾ തുടരുന്ന പക്ഷം പ്രതിദിനം 10,000 റിയാൽ വരെ പിഴ ഈടാക്കാനും നിയമമുണ്ട്.
പ്രധാന നടപടികൾ:
- പരിശോധനയ്ക്ക് അപേക്ഷിക്കാം: ഒരു കമ്പനിയുടെ മൂലധനത്തിന്റെ 10 ശതമാനത്തിലധികം ഓഹരിയുള്ള ഏത് പങ്കാളിക്കും (Partner) കമ്പനിയിൽ നിയമലംഘനം നടക്കുന്നുണ്ടെന്ന് സംശയം തോന്നിയാൽ മന്ത്രാലയത്തിന് പരിശോധനയ്ക്കായി അപേക്ഷ നൽകാം.
- അന്വേഷണം: പരാതി ലഭിച്ചാൽ ബന്ധപ്പെട്ട അധികൃതർ നിയമലംഘനം നടത്തിയവർക്ക് നോട്ടീസ് നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്യും. നിശ്ചിത സമയത്തിനുള്ളിൽ ഹാജരായില്ലെങ്കിൽ രണ്ടാമതും നോട്ടീസ് നൽകും.
- ശിക്ഷാ നടപടികൾ: ആർട്ടിക്കിൾ 324 അനുസരിച്ച് താഴെ പറയുന്ന ശിക്ഷകൾ ലഭിക്കാം:
- ഔദ്യോഗിക മുന്നറിയിപ്പ് (Warning).
- ശാസന (Reprimand).
- നിശ്ചിത കാലയളവിലേക്ക് ബോർഡ് മെമ്പറോ മാനേജരോ ആയി പ്രവർത്തിക്കുന്നതിൽ നിന്ന് വിലക്ക്.
- നിയമലംഘനം തുടരുന്ന ഓരോ ദിവസത്തിനും 10,000 റിയാൽ വരെ പിഴ.
- പരമാവധി ഒരു മില്യൺ (1,000,000) റിയാൽ വരെ പിഴ.
കമ്പനികളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട വിധിന്യായങ്ങൾ മന്ത്രാലയത്തിന് അനുയോജ്യമായ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാനും അധികാരമുണ്ട്. രാജ്യത്തെ ബിസിനസ് മേഖലയിൽ സുതാര്യത ഉറപ്പാക്കാനും ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കാനുമാണ് ഇത്തരം കർശന നടപടികളെന്ന് മന്ത്രാലയം അറിയിച്ചു. നിയമങ്ങൾ കൃത്യമായി പാലിക്കാൻ കമ്പനി സ്ഥാപകരോടും സ്റ്റേക്ക് ഹോൾഡർമാരോടും മന്ത്രാലയം അഭ്യർത്ഥിച്ചു.




