ഇറാൻ തൊടുത്ത മിസൈലുകൾ യാതൊരു നാശനഷ്ടങ്ങളും ഉണ്ടാക്കിയില്ല; രാജ്യം സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്

ഖത്തറിലെ അമേരിക്കൻ മിലിട്ടറി ബേസ് ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ ഗുരുതരവും അപ്രതീക്ഷിതവുമായ ഒരു സംഭവവികാസമായിട്ടാണു കാണുന്നതെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ-അൻസാരി പറഞ്ഞു. മേഖലയിലെ സമാധാനത്തിനും അതിനു വേണ്ടിയുള്ള ചർച്ചകൾക്കും പിന്തുണ നൽകാൻ ഖത്തർ എപ്പോഴും പ്രവർത്തിച്ചിട്ടുള്ളതിനാൽ ഇത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
അൽ ഉദൈദിലെ യുഎസ് വ്യോമതാവളത്തെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ ഖത്തർ ടെലിവിഷനിൽ നടത്തിയ തത്സമയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്.
സമാധാനപരമായ ചർച്ചകളിലൂടെ സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ ഖത്തറിനുള്ള ശക്തമായ വിശ്വാസം ഡോ. അൽ-അൻസാരി ആവർത്തിച്ചു. മേഖലയിൽ സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിനായി എല്ലാ കക്ഷികളും ശാന്തത പാലിക്കാനും ചർച്ചകളിലേക്ക് മടങ്ങാനും അദ്ദേഹം അഭ്യർത്ഥിച്ചു.
അതേ പത്രസമ്മേളനത്തിൽ വെച്ച് അൽ ഉദൈദ് ഉൾപ്പെടെയുള്ള മേഖലയിലെ സൈനിക താവളങ്ങൾ ആക്രമിക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകുന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ തങ്ങൾക്കു ലഭിച്ചതായി ഖത്തർ സായുധ സേനയുടെ ജോയിന്റ് ഓപ്പറേഷൻസിന്റെ ഡെപ്യൂട്ടി ചീഫ് ഷായഖ് അൽ-ഹജ്രി പറഞ്ഞു.
വൈകുന്നേരം 7:30-ന് വടക്കൻ, വടക്ക് പടിഞ്ഞാറൻ ഇറാനിൽ നിന്ന് അൽ ഉദൈദ് വ്യോമതാവളത്തിലേക്ക് വിക്ഷേപിച്ച ഏഴ് മിസൈലുകൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കണ്ടെത്തിയിരുന്നതായി ഖത്തർ സൈന്യം സ്ഥിരീകരിച്ചു. ഏഴും കടലിനു മുകളിൽ വച്ച് നശിപ്പിക്കപ്പെട്ടു.
അതിനുശേഷം താമസിയാതെ, 12 മിസൈലുകൾ കൂടി വിക്ഷേപിച്ചു. പതിനൊന്ന് എണ്ണം തടഞ്ഞു, ഒന്ന് ബേസിനുള്ളിൽ പതിച്ചു, പക്ഷേ അത് നാശനഷ്ടങ്ങളോ പരിക്കുകളോ ഉണ്ടാക്കിയില്ല.
ചില മിസൈൽ ഭാഗങ്ങൾ ചെറിയ തീപിടുത്തങ്ങൾക്ക് കാരണമായെങ്കിലും അവ പെട്ടെന്ന് തന്നെ കെടുത്താൻ കഴിഞ്ഞുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ജബർ അൽ-നുഐമി പറഞ്ഞു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും എല്ലാം സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും അവർ പറഞ്ഞു. രാജ്യം സുരക്ഷിതമായി തുടരുകയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/LHsDNvsaDtU8kIXlVBkdon