Qatar

യുസുഫ് അൽ ഖറദാവിയുടെ ഖബറടക്കം ഇന്ന് വൈകിട്ട് അബു ഹമൂറിൽ; ആരായിരുന്നു അൽ ഖറദാവി?

ഇന്റർനാഷണൽ യൂണിയൻ ഓഫ് മുസ്‌ലിം സ്‌കോളേഴ്‌സ് സ്ഥാപക ചെയർമാൻ ഷെയ്ഖ് യൂസുഫ് അൽ ഖറദാവിയുടെ നിര്യാണത്തിൽ എൻഡോവ്‌മെന്റ്, ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.

ഇസ്‌ലാമിക വിശ്വാസത്തെ എപ്പോഴും പ്രതിരോധിക്കുകയും ശരീഅത്ത് സന്ദേശം വിവേകത്തോടെയും മിതത്വത്തോടെയും പ്രചരിപ്പിക്കുന്നതിൽ ഫലപ്രദമായ സ്വാധീനം ചെലുത്തുകയും ചെയ്ത ഏറ്റവും ആദരണീയനായ ഒരു മതപണ്ഡിതനെയാണ് അറബ്, ഇസ്‌ലാമിക ലോകത്തിന് നഷ്ടമായിരിക്കുന്നതെന്ന് പ്രസ്താവന പറഞ്ഞു.

അതേസമയം, ഖറദാവിയുടെ ഖബറടക്കം ഇന്ന് വൈകുന്നേരം അബു ഹമൂർ ഖബർസ്ഥാനിൽ നടക്കും. ജനാസ നമസ്കാരം അസർ നിസ്കാരാനന്തരം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ ആയിരിക്കും.

1926 ൽ കൊളോണിയൽ ഈജിപ്തിൽ ജനിച്ച അദ്ദേഹം ബാല്യകാലം മുതൽ സമരങ്ങളിലേർപ്പെടുകയും ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്തു. തന്റെ 10 വയസ്സായപ്പോഴേക്കും ഖുർആൻ മുഴുവൻ വായിക്കുകയും മനഃപാഠമാക്കുകയും ചെയ്ത ഖറദാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ് പൂർത്തിയാക്കിയ ശേഷം, കെയ്‌റോയിലെ അൽ അസ്ഹർ യൂണിവേഴ്‌സിറ്റിയിൽ ചേർന്നു, അവിടെ അദ്ദേഹം 1952-53 ൽ ബിരുദം നേടി.

1973-ൽ ‘സകാത്തും സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ അതിന്റെ സ്വാധീനവും’ എന്ന വിഷയത്തിൽ അൽ അസ്ഹറിൽ നിന്ന് തന്നെ തന്റെ പിഎച്ച്ഡി ബിരുദവും നേടി.

1952-ൽ ഗമാൽ അബ്ദുൾ നാസറിന്റെ അട്ടിമറിക്ക് ശേഷം, ഈജിപ്തിൽ പൂർണ്ണ അധികാരം ഏറ്റെടുക്കാനുള്ള നേതൃത്വത്തിന്റെ ആഗ്രഹം, മുസ്ലീം ബ്രദർഹുഡ് ഉൾപ്പെടുന്ന “നാസറൈറ്റ്” എന്ന് പരിഗണിക്കപ്പെടാത്ത സ്ഥാപനങ്ങളെ അടിച്ചമർത്തുന്നതിലേക്ക് നയിച്ചു. ഇത് അൽ ഖറദാവി ഉൾപ്പെടെയുള്ള പ്രസ്ഥാനത്തിലെ അംഗങ്ങളുടെ കൂടുതൽ അറസ്റ്റുകൾക്ക് കാരണമായി. ഇതേതുടർന്ന് 1961 മുതൽ ഖറദാവി ഖത്തറിൽ അഭയം തേടുകയായിരുന്നു.

1961 മുതൽ ഖത്തറിൽ സ്ഥിരതാമസമാക്കിയ യുസുഫ് അൽ ഖറദാവി ദോഹയിലെ റിലീജ്യസ് ഇൻസ്റ്റിറ്റ്യൂട്ട് ഇൻസ്‌പെക്ടറായും 1973 ൽ മതകാര്യ മേധാവിയായും സേവനമനുഷ്ഠിച്ചു. ദീർഘകാലം ദോഹയിലെ ഉമർ ബിൻ ഖത്താബ് മസ്ജിദിലെ ഖത്തീബ് ആയിരുന്നു.

2011 ൽ അറബ് ലോകത്തെ മുല്ലപ്പൂ വിപ്ലവം എന്നറിയപ്പെട്ട ജനകീയ പോരാട്ടങ്ങളെ പരസ്യമായി അനുകൂലിച്ച ഖറദാവി ഇസ്ലാമിക ലോകത്തെ ഏകാധിപതികൾക്കെതിരെ നിരന്തരം ശബ്ദമുയർത്തുകയും ഇസ്‌ലാമിക ജനാധിപത്യം എന്ന ആശയം മുന്നോട്ട് വെക്കുകയും ചെയ്തു.

മുസ്ലിം ബ്രദർഹുഡുമായുള്ള ബന്ധത്തെ തുടർന്നും ഇസ്രായേൽ പലസ്തീൻ വിഷയത്തിലെ തീവ്രവാദ അനുകൂല നിലപാടുകൾ കൊണ്ടും പാശ്ചാത്യ മാധ്യമങ്ങളിൽ വിവാദ വ്യക്തിയായി തീർന്നയാളുമാണ് ഖറദാവി. ഈജിപ്തിലെ ഭരണ അട്ടിമറിക്ക് കാരണമായ സംഭവ വികാസങ്ങളെ തുടർന്ന് 2015 ൽ ഖറദാവിക്ക് ഈജിപ്ത് പട്ടാളക്കോടതി വധശിക്ഷ വിധിച്ചിരുന്നു.

ഷെയ്ഖ് അൽ ഖറദാവിയുടെ മരണത്തിൽ മന്ത്രിയും ഖത്തർ നാഷണൽ ലൈബ്രറി പ്രസിഡന്റുമായ അഹമദ് ബിൻ അബ്ദുൽ അസീസ് അൽ കവാരി, ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽതാനി, വിദേശകാര്യ സഹമന്ത്രി ലോൽവ ബിൻത് റാഷിദ് അൽഖാതർ, ഉൾപ്പെടെയുള്ള നിരവധി പ്രമുഖരും പൊതുജനങ്ങളും ട്വീറ്റുകളിലൂടെ അനുശോചനം രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button