ജൂണിൽ 13.1 ദശലക്ഷം ക്യൂബിക് മീറ്റർ മലിനജലം ശുദ്ധീകരിച്ച് കൃഷിക്കായി പുനരുപയോഗിച്ച് ഖത്തർ
2030ഓടെ രാജ്യത്തെ 100% മലിനജലവും പുനരുപയോഗം ചെയ്യുകയെന്ന ലക്ഷ്യവുമായി മുന്നോട്ടു പോകുന്ന നാഷണൽ എൻവിറോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് സ്ട്രാറ്റജിയുടെ ഭാഗമായി മലിനജലം പുനരുപയോഗം ചെയ്യുന്നതിൽ ഖത്തർ വലിയ പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുന്നു.
ഈ വർഷം ജൂണിൽ കൃഷിക്കും മറ്റുള്ള ആവശ്യങ്ങൾക്കുമായി ശുദ്ധീകരിച്ച് ഉപയോഗിച്ച മലിനജലത്തിന്റെ അളവ് 13.1 ദശലക്ഷം ക്യുബിക് മീറ്ററാണ്. ദേശീയ ആസൂത്രണ കൗൺസിലിൻ്റെ കണക്കനുസരിച്ച് ഇത് 2024 മെയ് മാസത്തെ അപേക്ഷിച്ച് 7.5% വർദ്ധനയും 2023 ജൂണിനെ അപേക്ഷിച്ച് 11.6% വർദ്ധനവും കാണിക്കുന്നു.
ശുദ്ധീകരിച്ച മലിനജലത്തിൻ്റെ ആകെ അളവ് 2024 ജൂണിൽ 23.7 ദശലക്ഷം ക്യുബിക് മീറ്ററായി ഉയർന്നു, ഇത് 2023 ജൂണിൽ നിന്ന് 4.6% വർദ്ധിച്ചിട്ടുണ്ട്. കൃഷിക്കായി, ജൂണിൽ 7.6 ദശലക്ഷം ക്യുബിക് മീറ്ററിലധികം ശുദ്ധീകരിച്ച മലിനജലം ഉപയോഗിച്ചു, ഇത് മുൻവർഷത്തേക്കാൾ 20.8% വർധിച്ചിട്ടുണ്ട്.
കൂടാതെ, ജൂൺ മാസത്തിൽ 1 ദശലക്ഷം ക്യുബിക് മീറ്ററിലധികം ശുദ്ധീകരിച്ച മലിനജലം ഭൂഗർഭ ജലാശയങ്ങളെ പരിപോഷിപ്പിക്കാൻ ഉപയോഗിക്കുകയും 1.8 ദശലക്ഷം ക്യുബിക് മീറ്റർ ലഗൂണുകളിലേക്ക് പുറന്തള്ളുകയും ചെയ്തിട്ടുണ്ട്.
ഭൂഗർഭജല ഉപയോഗം 60% വെട്ടിക്കുറച്ചും, പ്രതിദിന ഗാർഹിക ജല ഉപഭോഗം മൂന്നിലൊന്നായി കുറച്ചും, റിവേഴ്സ് ഓസ്മോസിസിലൂടെയും, മറ്റ് പരിസ്ഥിതി സൗഹൃദ രീതികളിലൂടെ ഡീസാലിനേഷൻ വർദ്ധിപ്പിച്ചും ജലസ്രോതസ്സുകൾ കൃത്യമായി കൈകാര്യം ചെയ്യാനും ഈ തന്ത്രം ലക്ഷ്യമിടുന്നു.