Qatar

ഖത്തറിൽ കേരള സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

കേരള സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളെ ഖത്തറിലെ പ്രവാസികളുമായി പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ദോഹയിൽ മലയാളോത്സവം ’25 ഉദ്ഘാടനം ചെയ്തു. ക്ഷേമ പെൻഷൻ വർധനയെ മുഖ്യമന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ 600 രൂപ മാത്രമായിരുന്ന ക്ഷേമ പെൻഷൻ നാളെ മുതൽ 2000 രൂപ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീസുരക്ഷ പെൻഷൻ വലിയ ആഹ്ലാദത്തോടെ സ്ത്രീകൾ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ ആഹ്ലാദ പ്രകടനം നടത്തിയതും ഇത് നാടിന്റെ നന്മയ്ക്കായുള്ള പദ്ധതികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കൂടാതെ, അഞ്ച് ലക്ഷം യുവതീ-യുവാക്കൾക്ക് സഹായം നൽകാനുള്ള പദ്ധതി ഉടൻ നടപ്പാക്കുമെന്നും അറിയിച്ചു.

ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം വർധിപ്പിച്ചതായും പൊതു കടം കുറച്ചതായും അദ്ദേഹം പറഞ്ഞു. വികസിത രാഷ്ട്രങ്ങളിലെ മധ്യവർഗ വരുമാനമുള്ള രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ എത്തിക്കാമെന്ന് ഉറപ്പു നൽകി.

“മുന്നിൽ അസാധ്യം ഒന്നുമില്ല; മുന്നോട്ട് പോകുന്നതിന് തടസ്സവുമില്ല,” എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഖത്തറിലെ ദോഹയിൽ ലോക കേരള സഭയും മലയാളം മിഷനും ചേർന്നാണ്  പ്രവാസി മലയാളി സംഗമം സംഘടിപ്പിച്ചത്.

ദോഹ സന്ദർശനത്തിൽ, ഖത്തറിന്റെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയായ ഡോ. മറിയം ബിൻത് നാസർ അൽ മിസ്നദിന് “ഷീൽഡ് ഓഫ് ഹ്യുമാനിറ്റി” പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. മാനുഷിക മേഖലയിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് ആദരസൂചകമായാണ് ഈ ബഹുമതി. ഖത്തറിലെ കേരളീയ സമൂഹത്തിന് ലഭിക്കുന്ന പിന്തുണയ്ക്കും മാനുഷിക പ്രവർത്തനങ്ങൾക്കുമുള്ള നന്ദിയും മുഖ്യമന്ത്രി അറിയിച്ചു.

ഖത്തർ ചേംബർ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറി എ. ജയതിലക്, ഇന്ത്യൻ അംബാസഡർ വിപുൽ, മന്ത്രി സജി ചെറിയാൻ, വ്യവസായി എം. എ. യൂസഫലി എന്നിവരും പങ്കെടുത്തു. ഖത്തർ ചേംബർ ഫസ്റ്റ് വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അഹമ്മദ് ബിൻ ത്വാർ മുഖ്യമന്ത്രിയെ സ്വീകരിച്ചു.

മുഖ്യമന്ത്രി ഖത്തർ സന്ദർശനത്തിനിടെ നിരവധി നിർണായക കൂടിക്കാഴ്ചകളും പരിപാടികളും പൂർത്തിയാക്കി.

Related Articles

Back to top button