അൽ വാബ് ആശുപത്രിയുടെ നിർമാണം പുരോഗമിക്കുന്നു, അടുത്ത വർഷം പ്രവർത്തനമാരംഭിക്കും
പ്രമേഹ ചികിത്സക്കും ഡയാലിസിസിനും വേണ്ടിയുള്ള അൽ വാബ് ആശുപത്രിയുടെ നിർമാണം തകൃതിയായി പുരോഗമിക്കുന്നു. ബേസ്‌മെൻ്റ്, താഴത്തെ നില, ഒന്നാം നില, രണ്ടാം നില എന്നിവ ഇതിനകം പൂർത്തിയായിട്ടുണ്ട്. ചാരിറ്റബിൾ വർക്കുകൾക്കായി സൺസ് ഓഫ് മുഹമ്മദ് ഹമദ് അൽ മന റിയൽ എസ്റ്റേറ്റ് കമ്പനി നൽകിയ സംഭാവന ഉപയോഗിച്ചു നിർമിക്കുന്ന ആശുപത്രി ഹമദ് മെഡിക്കൽ കോർപ്പറേഷനാണു (എച്ച്എംസി) കൈകാര്യം ചെയ്യുന്നത്.
അടുത്ത വർഷം തുറക്കാനിരിക്കുന്ന ആശുപത്രിയിൽ നിരവധി സൗകര്യങ്ങളുണ്ട്. ഔട്ട്‌പേഷ്യൻ്റ് ക്ലിനിക്കുകൾ, ഡയാലിസിസ് ചികിത്സകൾക്കായി 78 യൂണിറ്റുകൾ, പെരിറ്റോണിയൽ ഡയാലിസിസിന് മൂന്ന് യൂണിറ്റുകൾ, വിഐപികൾക്കായി രണ്ട് പ്രത്യേക ഡയാലിസിസ് യൂണിറ്റുകൾ എന്നിവ ഇവിടെ ഉണ്ടായിരിക്കും. ഡയാലിസിസ് ചികിത്സകൾക്കായി പ്രത്യേക മുറികൾ, വിപുലമായ വൃക്കരോഗങ്ങൾക്കുള്ള നാല് കെയർ ക്ലിനിക്കുകൾ, ജനറൽ നെഫ്രോളജി, ഒഫ്‌താൽമോളജി, കാർഡിയോളജി, ഹോം ഡയാലിസിസ്, പോഡിയാട്രി, റീഹാബിലിറ്റേഷൻ, ഫിസിക്കൽ തെറാപ്പി എന്നിവയ്ക്കുള്ള ക്ലിനിക്കുകൾ എന്നിവയും ഉണ്ടാകും.
പ്രമേഹ പരിചരണത്തിനും പ്രമേഹ ചികിത്സക്കുമായി എട്ട് യൂണിറ്റുകളുള്ള ഒരു പ്രത്യേക വിഭാഗം, ഒരു IV തെറാപ്പി ക്ലിനിക്ക്, മൂന്ന് മൂല്യനിർണ്ണയ യൂണിറ്റുകൾ, മൂന്ന് ചികിത്സാ യൂണിറ്റുകൾ, പോഷകാഹാര സംബന്ധമായ നിർദ്ദേശങ്ങൾ നൽകുന്നതിന് രണ്ട് കൺസൾട്ടേഷൻ റൂമുകൾ എന്നിവ ഉണ്ടായിരിക്കും. കൂടാതെ, ഇഞ്ചക്ഷൻ തെറാപ്പി ക്ലിനിക്കുകൾ, എമർജൻസി ഡിപ്പാർട്ട്‌മെൻ്റ് , കഫേ, ഓഫീസുകൾ, സെമിനാർ, കോൺഫറൻസ് ഹാൾ, ഫാർമസി, നടുമുറ്റം, റിസപ്ഷൻ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഡേ ആക്‌റ്റിവിറ്റി റൂം, രണ്ട് പ്രാർത്ഥനാ മുറികൾ, പാർക്കിംഗ് സ്ഥലം എന്നിവയുൾപ്പെടെയുള്ള വിവിധ സൗകര്യങ്ങളും ആശുപത്രിയിലുണ്ടാകും.
സ്വകാര്യ മുറികളുൾപ്പെടെ ഒരേ സമയം 88 രോഗികൾക്ക് ഡയാലിസിസ് ചികിത്സ നൽകാൻ ആശുപത്രിക്ക് കഴിയും. സേവനങ്ങളിൽ മെഡിക്കൽ കൺസൾട്ടേഷനുകൾ, ചികിത്സകൾ, ക്ലിനിക്കൽ പിന്തുണ എന്നിവ ഉൾപ്പെടും.
ഖത്തറി പൈതൃകവും നിലവിലെ വാസ്‌തുവിദ്യയും സമന്വയിപ്പിക്കുന്ന ആധുനിക രൂപകൽപ്പനയാണ് മൂന്ന് നിലകളുള്ള കെട്ടിടത്തിൻ്റെ സവിശേഷത.രോഗികൾക്കും ജീവനക്കാർക്കും സന്ദർശകർക്കും സുഖസൗകര്യങ്ങൾ ഉറപ്പാക്കും. നിർമാണം പൂർത്തിയാകുമ്പോൾ, എച്ച്എംസിയിൽ നിന്നുള്ള ടീം ആവശ്യമായ പ്രത്യേക ഉപകരണങ്ങളും ഫർണിച്ചറുകളും നൽകി ആശുപത്രി സജ്ജമാക്കും. വൃക്ക, പ്രമേഹ രോഗികൾക്ക് ഉയർന്ന നിലവാരമുള്ള പരിചരണം നൽകുന്നതിന് സ്പെഷ്യലിസ്റ്റുകളെയും നിയമിക്കും.