മാലിന്യങ്ങൾ തരംതിരിക്കുന്നതിനായി ദോഹയിലെ 80 ശതമാനം വീടുകളിലും കണ്ടെയ്‌നറുകൾ നൽകി മുനിസിപ്പാലിറ്റി മന്ത്രാലയം
മാലിന്യത്തിന്റെ പുനരുപയോഗം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ദോഹയിലെ 80% വീടുകളിലും മാലിന്യം തരംതിരിക്കുന്നതിന് പ്രത്യേക കണ്ടെയ്‌നറുകൾ നൽകി മുനിസിപ്പാലിറ്റി മന്ത്രാലയം. ഈ പരിപാടിയുടെ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി, പുനരുപയോഗിക്കാവുന്ന മാലിന്യങ്ങൾ നിക്ഷേപിക്കാൻ നീല പാത്രങ്ങളും ജൈവ മാലിന്യങ്ങൾക്ക് ചാരനിറത്തിലുള്ള പാത്രങ്ങളും അവർ നൽകുന്നു.
പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് ഈ ശ്രമമെന്ന് വേസ്റ്റ് റീസൈക്ലിംഗ് ആൻഡ് ട്രീറ്റ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്റ്റർ ഹമദ് ജാസിം അൽ ബഹർ പറഞ്ഞു. ഗ്ലാസ്, പ്ലാസ്റ്റിക്, പേപ്പർ, മെറ്റൽ തുടങ്ങിയവയുടെ മാലിന്യങ്ങൾക്കായി നീല പാത്രങ്ങൾ ഉപയോഗിക്കുന്നു, ഇവ അൽ അഫ്‍ജായിലെയും മെസായിദിലെയും റീസൈക്ലിംഗ് കേന്ദ്രങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. മാലിന്യങ്ങൾ പുനരുപയോഗം ചെയ്യുന്നതിൻ്റെയും കുറയ്ക്കുന്നതിൻ്റെയും പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ പഠിപ്പിക്കുന്നതിനുള്ള പ്രചാരണങ്ങളും മന്ത്രാലയം നടത്തുന്നുണ്ട്.
പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്ന വാർഷിക റീസൈക്ലിംഗ് ടുവേർഡ് സസ്‌റ്റൈനബിലിറ്റി കോൺഫറൻസ് & എക്‌സിബിഷൻ്റെ അഞ്ചാം പതിപ്പ് ഈ വർഷം ഉണ്ടായിരിക്കും. ദോഹയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന അൽ അഫ്‍ജ റീസൈക്ലിംഗ് കേന്ദ്രമായി വികസിപ്പിച്ചിട്ടുണ്ട്, വിവിധ തരം റീസൈക്ലിംഗ് ഫാക്ടറികൾക്കായി 50 പ്ലോട്ടുകൾ ഇവിടെ നീക്കിവെച്ചിരിക്കുന്നു.
മാലിന്യം വേർതിരിക്കുന്ന പരിപാടി വീടുകളുടെ മാത്രമല്ല, മറിച്ച് വ്യാപാര സ്ഥാപനങ്ങളെയും മറ്റു സ്ഥാപനങ്ങളേയും മാലിന്യ നിക്ഷേപങ്ങളുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. അടുത്തിടെ, ഉം ലഖ്ബ, മദീനത്ത് ഖലീഫ എന്നിവയുൾപ്പെടെ ദോഹയിലെ നിരവധി പ്രദേശങ്ങളിൽ പുതിയ നീല പാത്രങ്ങൾ നൽകിയിട്ടുണ്ട്.
2026-ൽ ഉമ്മുസലാൽ, അൽ ദായെൻ എന്നിവയുൾപ്പെടെയുള്ള മറ്റ് മേഖലകളിലേക്കും 2027-ഓടെ അൽ റയാൻ, അൽ വക്ര എന്നിവിടങ്ങളിലേക്കും പരിപാടി വ്യാപിപ്പിക്കും. ഖത്തറിൻ്റെ ദേശീയ ദർശനം 2030നെ പിന്തുണക്കുന്നതാണ് ഈ സംരംഭം.