2025ൽ ഖത്തറിലെ 3G സേവനങ്ങൾ പൂർണമായും അവസാനിപ്പിക്കണം, ടെലികോം കമ്പനികൾക്ക് അറിയിപ്പുമായി സിആർഎ
ടെലികോം കമ്പനികൾ 2025 ഡിസംബർ 31നകം തേർഡ് ജനറേഷൻ മൊബൈൽ സേവനങ്ങൾ (IMT-2000) നൽകുന്നത് അവസാനിപ്പിക്കണമെന്ന് ഖത്തറിലെ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (CRA) അറിയിച്ചു. ഖത്തറിലെ ടെലികമ്മ്യൂണിക്കേഷൻ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കൾക്ക് മികച്ചതും നൂതനവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള CRA യുടെ പദ്ധതിയുടെ ഭാഗമാണ് ഈ തീരുമാനം.
Ooredoo Qatar QPSC, Vodafone Qatar PQSC എന്നിവർ അവരുടെ 3G സേവനങ്ങൾ ഇപ്പറഞ്ഞ സമയപരിധിക്കുള്ളിൽ അവസാനിപ്പിക്കേണ്ടതുണ്ട്. കൂടുതൽ മെച്ചപ്പെട്ട ഫോർത്ത് ജനറേഷൻ (4G/LTE4), ഫിഫ്ത്ത് ജനറേഷൻ (5G) നെറ്റ്‌വർക്കുകൾ മികച്ച രീതിയിൽ ലഭ്യമാക്കാനും ഉപയോഗിക്കാനും ഈ മാറ്റം സഹായിക്കും.
പഴയ സാങ്കേതികവിദ്യകൾ അവസാനിപ്പിച്ച് 4G, 5G നെറ്റ്‌വർക്കുകൾ വികസിപ്പിക്കുന്നതിനുള്ള നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് CRA യുടെ ലക്ഷ്യം. ഇത് ഖത്തറിൻ്റെ ടെലികമ്മ്യൂണിക്കേഷൻ മേഖലയെ വളർത്തുകയും ഖത്തർ നാഷണൽ വിഷൻ 2030ന്റെ ഭാഗമായുള്ള രാജ്യത്തിൻ്റെ സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങളെ പിന്തുണക്കുകയും ചെയ്യും.
കൂടാതെ, സെക്കൻഡ്, തേർഡ് ജനറേഷൻ സാങ്കേതികവിദ്യകളെ മാത്രം പിന്തുണയ്ക്കുന്ന മൊബൈൽ ഫോണുകളുടെ ഇറക്കുമതിയും CRA നിരോധിച്ചിട്ടുണ്ട്. 4G/Voice over LTE (VoLTE) പിന്തുണയ്ക്കുന്ന, CRAയുടെ മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോണുകൾ മാത്രമേ ഖത്തറിലേക്ക് ഇറക്കുമതി ചെയ്യാൻ അനുവാദമുള്ളൂ.
ഉപഭോക്താക്കൾക്ക് വേഗത്തിലുള്ള ഡാറ്റ, മൊബൈലുമായി ബന്ധപ്പെട്ടു വർധിച്ചു വരുന്ന ആവശ്യങ്ങൾ എന്നിവ നിറവേറ്റാൻ ശേഷിയുള്ള മികച്ച സേവനങ്ങൾ ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണിതെല്ലാം. ഇത് റെസിഡന്റ്സിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്താനും മികച്ച സേവനങ്ങൾ നൽകാനും ലക്ഷ്യമിട്ടുള്ള മൂന്നാം ദേശീയ വികസന തന്ത്രം 2024-2030നെ പിന്തുണയ്ക്കുന്നു.