ഖത്തറും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢമാക്കി അമീറിന്റെ മോസ്‌കോ സന്ദർശനം

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി വ്യാഴാഴ്ച്ച മോസ്കോയിൽ നടന്ന കൂടിക്കാഴ്ച്ചയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഖത്തറും റഷ്യയും തമ്മിലുള്ള നിക്ഷേപ സഹകരണത്തെ പ്രശംസിച്ചതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.
“ആരോഗ്യ സംരക്ഷണം, ഔഷധ ഉൽപ്പാദനം എന്നിവയുൾപ്പെടെയുള്ളവയിൽ നേടിയ നിക്ഷേപ സഹകരണത്തിന്റെ നിലവാരത്തിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു” എന്ന് ഷെയ്ഖ് തമീം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിലെ സമീപകാല പുരോഗതി അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യാഴാഴ്ച്ചയാണ് അമീർ റഷ്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയത്. ദോഹയും മോസ്കോയും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു, സംയുക്ത പദ്ധതികൾ ആരംഭിക്കാനും നിരവധി പുതിയ കരാറുകളിൽ ഒപ്പുവെക്കാനും ഇരു രാജ്യങ്ങളും ഉടൻ തയ്യാറെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ഖത്തർ നടത്തിയ നയതന്ത്ര ശ്രമങ്ങളെയും പ്രസിഡന്റ് പുടിൻ പ്രശംസിച്ചു. “ഇസ്രായേൽ-പലസ്‌തീൻ സംഘർഷം പരിഹരിക്കാൻ ഖത്തർ വളരെ ഗൗരവമായി ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം.” അദ്ദേഹം പറഞ്ഞു.
സാമ്പത്തിക, രാഷ്ട്രീയ മേഖലകളിൽ ഖത്തറും റഷ്യയും തമ്മിലുള്ള വളർന്നുവരുന്ന ബന്ധത്തെ ഈ സന്ദർശനം എടുത്തുകാണിക്കുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE