“ഒരേ ദിവസം” റിലീസ് ചെയ്ത രണ്ട് മമ്മൂട്ടി ചിത്രങ്ങൾ; തേടിയെത്തിയത് ഒരേ വിധി!
വ്യത്യസ്ത വർഷങ്ങളിൽ ഒരേ മാസം ഒരേ ദിവസം രണ്ട് മമ്മൂട്ടി സിനിമകൾ ഇറങ്ങി. പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ലാത്ത ഈ രണ്ട് സിനിമകൾക്കും പക്ഷെ ഒരേ രീതിയിലുള്ള അനുഭവങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നു എന്നുള്ളതാണ് കൗതുകം. 1990 ഓഗസ്റ്റ് 31 ന് ഇറങ്ങിയ അയ്യർ ദ ഗ്രേറ്റും 2001 ഓഗസ്റ്റ് 31 ന് ഇറങ്ങിയ രാക്ഷസരാജവും ആണ് ആ സിനിമകൾ.
വിനയൻ സംവിധാനം ചെയ്ത് മമ്മൂട്ടി രാമനാഥൻ ഐപിഎസ് എന്ന പൊലീസ് കഥാപാത്രത്തെ അഭിനയിച്ച രാക്ഷസരാജാവ് സിനിമയുടെ ആദ്യപേര് രാക്ഷസരാമൻ എന്നായിരുന്നു. എന്നാൽ സിനിമയുടെ പേര് പുറത്തായ ഉടനെ മതസംഘടനകളുടെ പ്രതിഷേധമുണ്ടായി. ശ്രീരാമന്റെ നാമത്തോട് രാക്ഷസൻ എന്ന പേര് ചേർത്ത് വെക്കുന്നു എന്ന ആക്ഷേപം ഉയർന്നതോടെ അണിയറക്കാർ ചിത്രത്തിന്റെ പേര് മാറ്റി രാക്ഷസരാജാവ് എന്നാക്കി. പരുഷ സ്വഭാവമുള്ള രാമനാഥൻ എന്ന പൊലീസുദ്യോഗസ്ഥനെ സൂചിപ്പിക്കാൻ മാത്രമാണ് ആദ്യപേര് നൽകിയത് എന്നു സംവിധായകൻ വിനയൻ വിശദീകരണം നൽകി.
11 വർഷങ്ങൾക്ക് മുൻപ് അതേ ദിവസം റിലീസ് ചെയ്തിരുന്ന മറ്റൊരു മമ്മൂട്ടി ചിത്രമായ അയ്യർ ദ ഗ്രേറ്റിനും സമാനമായ അനുഭവം നേരിടേണ്ടി വന്നിരുന്നു. അത് പക്ഷെ ഒറിജിനൽ മലയാളം വേർഷന് ആയിരുന്നില്ല. ചിത്രം ഡബ് ചെയ്ത് തമിഴ്‌നാട്ടിൽ പുറത്തിറക്കിയപ്പോൾ അയ്യർ ജാതിയെ മഹത്വവൽക്കരിക്കുന്നതാണ് പേര് എന്ന് ആരോപിച്ച് ചില സമുദായ സംഘടനകൾ രംഗത്തെത്തി. ചെന്നൈയിൽ ഒട്ടിച്ച സിനിമയുടെ പോസ്റ്ററുകൾ കീറുന്ന സംഭവങ്ങൾ വരെയുണ്ടായി. ഇതേ തുടർന്ന് തമിഴ് വേർഷനിൽ സിനിമയുടെ പേര് ഭഗവാൻ എന്നാക്കി മാറ്റി. തമിഴ്‌നാട്ടിൽ സൂപ്പർഹിറ്റായിരുന്നു ചിത്രം.
ഭദ്രൻ സംവിധാനം ചെയ്ത ചിത്രം സൂര്യനാരായണ അയ്യർ എന്ന മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന് ഭാവി പ്രവചന ശേഷി കിട്ടുന്നത് സംബന്ധിച്ചായിരുന്നു. പ്രശസ്ത സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണൻ തിരക്കഥ എഴുതിയ ചിത്രത്തിന് അയ്യർ ദ ഗ്രേറ്റ് എന്ന പേരിട്ടതും ഇത് കൊണ്ടായിരുന്നു.
അയ്യർ ദ ഗ്രേറ്റിന്റെ 33-ാം വർഷവും രാക്ഷസരാജാവ് റിലീസിന്റെ 22-ാം വാർഷിക ദിനവും ആണ് ഇന്ന്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX