
ഖത്തർ മാസ്റ്റേഴ്സ് ഓപ്പൺ 2023-ന്റെ അവസാന റൗണ്ടിന്റെ സമാപനത്തിൽ ഇന്ത്യയുടെ അർജുൻ എറിഗെയ്സി ഏറ്റവും ഉയർന്ന പോയിന്റുള്ള (6.5) ഏകതാരമായി മാറി. ഇന്നലെ ലുസൈൽ മൾട്ടിപർപ്പസ് ഹാളിൽ നടന്ന മത്സരത്തിൽ റഷ്യയുടെ ഡേവിഡ് പരവ്യനെതിരെ അഞ്ചാം ജയത്തോടെ എറിഗൈസി ഒന്നാം സ്ഥാനത്തെത്തി. 20-കാരനായ ലോക 29-ാം നമ്പർ താരം എറിഗെയ്സി വൈറ്റ് പീസുകളിൽ കളിച്ച് 48 നീക്കങ്ങളിലാണ് വിജയം നേടിയത്. ഖത്തർ മാസ്റ്റേഴ്സ് ഓപ്പൺ കിരീടം ഒരു റൗണ്ട് മാത്രം ബാക്കി നിൽക്കെ എറിഗെയ്സിക്ക് 6.5 പോയിന്റുണ്ട്.
അതേസമയം അഞ്ച് തവണ ലോക ചാമ്പ്യനും നിലവിൽ ലോക ഒന്നാം നമ്പർ താരവുമായ മാഗ്നസ് കാൾസൺ കിരീടപ്പോരാട്ടത്തിൽ നിന്ന് ഫലത്തിൽ പുറത്തായി. മുൻ റൗണ്ടിൽ ഇന്ത്യൻ താരം മുരളി കാർത്തികേയനെതിരെ കടുത്ത വെല്ലുവിളി നേരിട്ട കാൾസൻ, അമേരിക്കൻ മത്സരാർത്ഥി ഗ്രിഗറി കൈദാനോവിനെ തോൽപ്പിച്ച് തന്റെ സ്കോർ 5.5 പോയിന്റായി ഉയർത്തി 13-ാം സ്ഥാനത്തെത്തിയിരുന്നു. എന്നാൽ ഉയിർത്തെഴുന്നേറ്റിട്ടും കിരീടപ്പോരാട്ടത്തിൽ ദൂരെയാണ് കാൾസൻ.
കാർത്തികേയൻ ഇന്നലെ മറ്റൊരു ഇന്ത്യൻ താരവും ഓവർനൈറ്റ് ലീഡറുമായ എസ്എൽ നാരായണനെ സമനിലയിൽ തളച്ചു. ഇരുവരും 6.0 പോയിന്റിൽ തുടർന്നു, അവരുടെ ടൈറ്റിൽ പ്രതീക്ഷകൾ സജീവമാക്കി.
എട്ടാം റൗണ്ടിൽ സമനിലയിൽ പിരിഞ്ഞ ഉസ്ബെക്കിസ്ഥാന്റെ ജാവോഖിർ സിന്ദാറോവ്, നോദിർബെക് യാകുബ്ബോവ് എന്നിവർക്കും 6.0 പോയിന്റുണ്ട്.
ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട ഫൈനൽ റൗണ്ടിന് മുന്നോടിയായി, ഖത്തർ മാസ്റ്റേഴ്സ് ഓപ്പൺ പുതിയ ചാമ്പ്യനെ കണ്ടെത്തുന്ന സമാപന മത്സരങ്ങൾ ആവേശകരമായ കാഴ്ചകൾ നൽകുമെന്ന് ഖത്തർ ചെസ് ഫെഡറേഷൻ പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ മുഹമ്മദ് അൽ മുദാഹ്ക ആത്മവിശ്വാസം പ്രകടിപ്പിച്ചു.
120,000 ഡോളറിന്റെ ഗണ്യമായ പ്രൈസ് നൽകുന്ന ചാമ്പ്യൻഷിപ്പ് ഇന്ന് അവസാനിക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv