വിദ്യാഭ്യാസ മേഖലയിൽ വലിയ മുന്നേറ്റമായി വെല്ലിങ്ടൺ കോളേജ് ഇന്റർനാഷണൽ ഖത്തർ ലുസൈൽ സിറ്റിയിൽ ഒരുങ്ങുന്നു

ഖത്തറിലെ വിദ്യാഭ്യാസ മേഖലയിൽ വലിയ മുന്നേറ്റമായി വെല്ലിങ്ടൺ കോളേജ് ഇന്റർനാഷണൽ ഖത്തർ ആരംഭിക്കാനൊരുങ്ങുന്നു. കെ–12 വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ ക്യാമ്പസ് 2028 സെപ്റ്റംബറിൽ ലുസൈൽ സിറ്റിയിൽ പ്രവർത്തനം ആരംഭിക്കും. അൽ ഫാലെഹ് എഡ്യൂക്കേഷണൽ ഹോൾഡിംഗും വെല്ലിങ്ടൺ കോളേജ് ഇന്റർനാഷണലും തമ്മിൽ ഒപ്പുവെച്ച മാസ്റ്റർ ലൈസൻസ് കരാറിന്റെ തുടർച്ചയായാണ് ഈ പ്രഖ്യാപനം.
മ്ശൈരിബിലെ അൽ ഫാലെഹ് എഡ്യൂക്കേഷണൽ ഹോൾഡിംഗിന്റെ NBK1 ഓഫീസിൽ നടന്ന ചടങ്ങിൽ അൽ ഫാലെഹ് എഡ്യൂക്കേഷണൽ ഹോൾഡിംഗ് സി.ഇ.ഒ ഷെയ്ഖ അന്വർ അൽ താനിയും വെല്ലിങ്ടൺ കോളേജ് ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ പരേഷ് താക്രാറും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. ഇതോടെ ആദ്യമായാണ് വെല്ലിങ്ടൺ കോളേജ് ബ്രാൻഡ് ഖത്തറിലേക്ക് എത്തുന്നത്.
ലുസൈലിലെ പ്രധാന ക്യാമ്പസിന്റെ ആർക്കിടെക്ചറൽ ഡിസൈൻ പൂർത്തിയായിട്ടുണ്ട്. 2026 ആദ്യം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ആഗോള നിലവാരത്തിൽ രൂപകൽപ്പന ചെയ്ത ഈ സ്കൂളിൽ വിശാലമായ പഠനമുറികൾ, ആധുനിക സയൻസ്, ടെക്‌നോളജി, ആർട്‌സ് ലബോറട്ടറികൾ, പ്രത്യേക സ്പോർട്സ് ഗ്രൗണ്ടുകളും പെർഫോമൻസ് സൗകര്യങ്ങളും, ക്രിയേറ്റീവ് ഡിസൈൻ സ്റ്റുഡിയോകളും മേക്കർ സ്‌പേസുകളും ഉൾപ്പെടും. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ക്യാമ്പസ് സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.
ഡോ. ഷെയ്ഖ ഐഷ അൽ താനിയുടെ നേതൃത്വത്തിലുള്ള അൽ ഫാലെഹ് എഡ്യൂക്കേഷണൽ ഹോൾഡിംഗ് ഖത്തറിലെ വിദ്യാഭ്യാസ രംഗത്തെ പ്രധാന സ്ഥാപനങ്ങളിലൊന്നാണ്. ദോഹ അക്കാദമി, ദോഹ ഇന്റർനാഷണൽ കിൻഡർഗാർട്ടൻ, അബർദീൻ സർവകലാശാലയുമായി സഹകരിക്കുന്ന AFG കോളേജ് എന്നിവയും ഗ്രൂപ്പിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഈ സഹകരണത്തിലൂടെ വെല്ലിങ്ടൺ കോളേജിന്റെ പ്രശസ്തമായ ബ്രിട്ടീഷ് പാഠ്യപദ്ധതിയും സമഗ്ര വിദ്യാഭ്യാസ സമീപനവും ഖത്തറിന്റെ സംസ്കാരവും വിദ്യാഭ്യാസ ആവശ്യങ്ങളും മനസ്സിലാക്കി അൽ ഫാലെഹ് നൽകുന്ന അനുഭവവുമായ് ഏകീകരിച്ചൊരു വിദ്യാഭ്യാസ മാതൃകയാണ് ലക്ഷ്യമിടുന്നത്.




