ദോഹ: ഖത്തർ ക്വാറന്റീൻ നയത്തിൽ മാറ്റമെന്ന് സൂചന. ഇന്ത്യ ഉൾപ്പെടെ സ്‌പെഷ്യൽ കാറ്റഗറി രാജ്യങ്ങളിൽ നിന്നുള്ള വാക്സീൻ എടുത്ത യാത്രക്കാർക്കും നിർബന്ധമായ 10 ദിവസ ക്വാറന്റീനിലാണ് പലർക്കും ഇളവ് ലഭിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും, പല പുതിയ യാത്രക്കാർക്കും ലഭിച്ച നിർദ്ദേശങ്ങളാണ് മാറ്റം സൂചിപ്പിക്കുന്നത്.
ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ ഖത്തറിലെത്തിയ ശേഷം ആർട്ടിപിസിആറിന് വിധേയമാകേണ്ടതുണ്ട്. ശേഷം ഹോട്ടൽ ക്വാറന്റീനിലേക്ക് പോകണം. എന്നാൽ വാക്സീൻ എടുത്ത യാത്രക്കാർക്ക്, ആവശ്യമെങ്കിൽ രണ്ടാം ദിവസം ആന്റിബോഡി ടെസ്റ്റിന് വിധേയമാകാം.
ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ് ആവുകയും, തുടർന്ന് വീണ്ടും പിസിആർ ടെസ്റ്റ് ആവർത്തിച്ച ശേഷം അത് നെഗറ്റീവ് ആവുകയും ചെയ്താൽ ഹോട്ടൽ ക്വാറന്റീൻ ക്യാൻസൽ ചെയ്ത് നിങ്ങൾക്ക് സാധാരണ നിലയിലേക്ക് മടങ്ങാം. ബാക്കിയുള്ള ദിനങ്ങളുടെ തുക റീഫണ്ട് നൽകുകയും ചെയ്യും.
ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ് ആവുന്നതിലൂടെ യാത്രക്കാർ വാക്സിനേഷനിലൂടെ പ്രതിരോധ ശേഷി നേടിയതാണെന്നു ഉറപ്പുവരുത്തുകയാണ് ആരോഗ്യവകുപ്പ് ചെയ്യുന്നത്.
നേരത്തെ മുതൽ തന്നെ ഖത്തറിൽ നിന്ന് വാക്സീൻ എടുത്ത ഇന്ത്യക്കാർക്ക് 2 ദിവസമാണ് ക്വാറന്റീൻ. പുതിയ ഇളവിലൂടെ ഇന്ത്യയിൽ നിന്നും വാക്സീനെടുത്ത ബഹുഭൂരിപക്ഷത്തിനും ക്വാറന്റീൻ ദിനങ്ങളുടെ ചെലവ് കുറച്ച് സമാന ആശ്വാസം കൈവന്നേക്കും.