മെസിയും യമാലും ഖത്തറിൽ പോരാടാൻ സാധ്യത; ഫൈനലിസിമയുടെ തീയതി തീരുമാനിച്ചു

ഫുട്ബോൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന, കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അർജന്റീനയും യൂറോ ചാമ്പ്യന്മാരായ സ്പെയിനും തമ്മിലുള്ള ഫൈനലിസിമ പോരാട്ടത്തിന്റെ തീയതി തീരുമാനമായി. 2026 ലോകകപ്പിന് മുൻപ് മാർച്ച് മാസത്തിൽ ഫൈനലിസിമ നടക്കും. മാർച്ച് 26 മുതൽ 31 വരെയുള്ള തീയതികളിൽ ഒന്നിലാണ് മത്സരം നടക്കുക.
മത്സരത്തിനുള്ള വേദിയാകാൻ ഖത്തറും ശ്രമം നടത്തുന്നുണ്ട്. ലണ്ടൻ, സൗദി അറേബ്യ എന്നിവരോട് മത്സരിച്ച് വേദി സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഖത്തർ. ഖത്തറിലേക്ക് മത്സരം എത്തിയാൽ ലോകഫുട്ബോളിലെ സൂപ്പർതാരം ലയണൽ മെസിയെയും യുവപ്രതിഭ യമാലിനെയും ഒരുമിച്ച് കളത്തിൽ കാണാനുള്ള ഭാഗ്യം ഖത്തറിലെ ഫുട്ബോൾ പ്രേമികൾക്ക് ലഭിക്കും.
തുടർച്ചയായി മൂന്നു ഇന്റർനാഷണൽ കിരീടങ്ങൾ നേടിയ അർജന്റീനയും യൂറോ കപ്പ് നേടുകയും നേഷൻസ് ലീഗ് ഫൈനലിൽ എത്തുകയും ചെയ്ത സ്പെയിനും തകർപ്പൻ ഫോമിലാണ് ഇപ്പോഴുള്ളത്. മെസി, യമാൽ തുടങ്ങിയ താരങ്ങളുടെ സാന്നിധ്യം കാരണം ഈ പോരാട്ടത്തിന്റെ കൃത്യമായ തീയതിയും വേദിയും അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t