ഇന്ത്യക്ക് ഊർജ്ജം നൽകുന്നതിൽ വിശ്വസ്ത പങ്കാളിയായി തങ്ങൾ തുടരുമെന്ന് ഖത്തർ ദേശീയ ഇന്ധന കമ്പനിയായ ‘ഖത്തർ എനർജി’ വ്യക്തമാക്കി. ഊർജ്ജ പ്രതിസന്ധി രൂക്ഷമായിരിക്കെ ഇന്ത്യ ഖത്തറിനോട് 58 അധിക ലിക്വിഫൈഡ് നാച്ചുറൽ ഗാസ് കാർഗോകൾ കൂടി ആവശ്യപെട്ട പശ്ചാത്തലത്തിലാണ് ഖത്തർ എനർജിയുടെ പ്രതികരണം.
6 വർഷം മുൻപ് അമിതവിലയായി പരിഗണിച്ച് ഇന്ത്യ കാർഗോകൾ നിരസിച്ചിരുന്നു. ഇന്ത്യ ഇറക്കുമതി വേണ്ടെന്ന് വച്ച കാർഗോകളാണ് അടിയന്തരമായി എത്രയും പെട്ടെന്ന് നൽകാൻ ഇന്ത്യയിലെ നാച്ചുറൽ ഗാസ് ഇറക്കുമതി കമ്പനിയായ പെട്രോലിങ്ക് ഖത്തറിനോട് ആവശ്യപ്പെട്ടത്.
കഴിഞ്ഞ 6 വര്ഷത്തിനുള്ളിൽ രാജ്യം നേരിട്ടിട്ടുള്ള ഏറ്റവും വലിയ ഊർജപ്രതിസന്ധിയിലാണ് നിലവിൽ കടന്ന് പോകുന്നതെന്ന് ഉറപ്പിക്കുന്നത് കൂടിയായി പെട്രോലിങ്കിന്റെ ആവശ്യപ്പെടൽ. ഊർജ്ജപ്രതിസന്ധിയുടെ തുടക്കത്തിൽ തന്നെ ഖത്തറിനോട് ഗ്യാസ് ഇറക്കുമതി ത്വരിതപ്പെടുത്താൻ ഇന്ത്യ ആവശ്യപ്പെടുകയായിരുന്നു.
ഇന്ത്യക്ക് നല്കാമെന്നേറ്റ എൽഎൻജി നൽകാൻ പ്രതിജ്ഞാബന്ധരാണെന്നും ഊർജവിതരണത്തിൽ ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയായി തുടരുമെന്നും ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഇറക്കുമതിക്കാരായ ഖത്തറിനെ പ്രതിനിധീകരിക്കുന്ന ഖത്തർ എനർജി ബുധനാഴ്ച പ്രസ്താവിച്ചു.