ഖത്തറിൽ കോവിഡ് ബൂസ്റ്റർ ഡോസ് എടുക്കാൻ യോഗ്യരായവരുടെ പ്രായം ആരോഗ്യമന്ത്രാലയം കുറച്ചു. 50 വയസ്സും അതിന് മുകളിലുമുള്ള ആർക്കും ഇനി മുതൽ വാക്സീനെടുക്കാം. ആദ്യ രണ്ട് ഡോസ് വാക്സീനുകൾ എടുത്തു 8 മാസം പിന്നിട്ടവർക്ക് മാത്രമാണ് മൂന്നാം ഡോസായ ബൂസ്റ്റർ നൽകുക. അതേസമയം, ഗുരുതരമായ രോഗങ്ങളുള്ളവർക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും പ്രായഭേദമെന്യേ ബൂസ്റ്റർ ഡോസ് നൽകും.
വാക്സീന്റെ ശരീരത്തിലെ സ്വാധീനം മിക്കവർക്കും 8 മാസത്തിന് ശേഷം കുറയുന്നതായി ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. എന്നാൽ രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാർഗമായി വാക്സിനേഷൻ തന്നെയാണുള്ളത്. ആയതിനാൽ 50 വയസ്സ് മുതലുള്ള യോഗ്യരായവരെല്ലാം ബൂസ്റ്റർ ഡോസും എടുക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
തുടർഘട്ടങ്ങളിൽ ബൂസ്റ്റർ ഡോസ് വിതരണം കുറഞ്ഞ പ്രായക്കാരിലേക്കും ലഭ്യമാക്കി കൊണ്ടുവരുമെന്ന് അധികൃതർ വ്യക്തമാക്കി.