ദോഹ: വാക്സിനേഷൻ പൂർത്തിയാക്കിയ റെസിഡന്റ് പെർമിറ്റ് ഉള്ളവർക്കും ടൂറിസ്റ്റ്, ഫാമിലി വിസയിൽ ഉള്ളവർക്കുമെല്ലാം ക്വാറന്റീൻ ഒഴിവാക്കി നൽകാനുള്ള ഖത്തർ സർക്കാരിന്റെ തീരുമാനം, ഖത്തർ ടൂറിസം വിപണിയിൽ പുത്തനുണർവാണ് നൽകിയിരിക്കുന്നത്. ഖത്തറിന്റെ ടൂറിസം വിപണിക്ക് പുതിയ മുന്നേറ്റം ലക്ഷ്യം വച്ചുകൊണ്ടാണ് നിലവിൽ ടൂറിസ്റ്റ്, സന്ദർശക വിസകൾ പുനഃസ്ഥാപിക്കാൻ രാജ്യം ഒരുങ്ങിയിരിക്കുന്നത്.
പുതിയ നയം പുറത്തിറങ്ങിയതോടെ ടിക്കറ്റ് ബുക്കിംഗിനായും ടൂറിസ്റ്റ് വിസ പോലുള്ള ആവശ്യങ്ങൾക്കായും ട്രാവൽ ഏജൻസികളെ ബന്ധപ്പെടുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഫ്‌ളൈറ്റ് ബുക്കിംഗുകൾ ഇനിയും വർധിച്ചേക്കുമെന്നാണ് ട്രാവൽ ഏജൻസി വൃത്തങ്ങളുടെ കണക്ക്കൂട്ടൽ.
ഖത്തർ കോവിഡ് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലെ വലിയൊരു വിഭാഗം യാത്രക്കാരും 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീനുള്ള ഭീമമായ ചെലവ് കണക്കിലെടുത്ത് യാത്ര ഉപേക്ഷിച്ചിരുന്നു. ഒപ്പം ഫാമിലി, സന്ദർശക വിസകൾ ഒന്നും ഖത്തർ അനുവദിച്ചിരുന്നില്ല. പുതിയ നയം ഇതിനെല്ലാം പരിഹാരമായതോടെയാണ് യാത്രക്കാരും ടൂറിസ്റ്റുകളുമെല്ലാം വൻ തോതിൽ ഉയർന്നത്. നിർബന്ധിത ഹോട്ടൽ ക്വാറന്റീന്റെ വൻ ചെലവ് റദ്ദാകുന്നത് ഫലത്തിൽ ടൂറിസം വിപണിക്ക് സഹായകമാകുമെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു. ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ബംഗ്ളാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരാണ് മുഖ്യമായും കൂടുമെന്ന് പ്രതീക്ഷിക്കുന്നത്.
കുട്ടികളും മുലയൂട്ടുന്ന അമ്മമാരും ഉൾപ്പെടെയുള്ള പ്രത്യേക വിഭാഗം ജനങ്ങൾക്ക് വാക്സീൻ ഇല്ലെങ്കിലും ക്വാറന്റീൻ വേണ്ടതില്ലെന്ന് അടക്കമുള്ള പുതിയ നയം ഖത്തർ എയർലൈൻ മേഖലയ്ക്കും കനത്ത കുതിച്ചുചാട്ടമാണ് നൽകിയിരിക്കുന്നത്. സ്‌കൂൾ അവധിക്കാലമായതിനാൽ, തിരികെ നാട്ടിലേക്ക് മടങ്ങുന്ന യാത്രക്കാരും പുതിയ ഇളവുകളുടെ പശ്ചാത്തലത്തിൽ കൂടിയിട്ടുണ്ട്.