ഖത്തറിലേക്ക് വരുന്നവർക്ക് അതീവസഹായകരമാകാൻ ഇഹ്തിറാസ് ആപ്പിൽ പുതിയ ഫീച്ചർ. വിശദവിവരങ്ങൾ
ദോഹ: ഖത്തറിലേക്ക് വരുന്നവർക്കായി ഇഹ്തിറാസ് ആപ്പിലെ പുതിയ ഫീച്ചറാണ് ‘പ്രീ രെജിസ്റ്റർ’. അഥവാ ഖത്തറിലെത്തുന്നതിന് മുൻപ് തന്നെ ഇഹ്തിറാസ് ആപ്പിൽ ഉപയോക്താവിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുളള സൗകര്യമാണ് ഇതിലൂടെ ഒരുങ്ങുന്നത്. അറൈവൽ നടപടികൾ വേഗത്തിലാക്കാനും, ആരോഗ്യസംബദ്ധവും ക്വാറന്റൈൻപരവുമായ ആവശ്യകതകളും ഇളവുകളും മുൻകൂട്ടി മനസ്സിലാക്കാനും ഈ റെജിസ്ട്രേഷൻ സഹായിക്കും.
ഏറ്റവും പ്രധാനം ചെക്ക് ഇന്നുകളും വെരിഫിക്കേഷൻ നടപടികളും പൂർണ്ണമായും ഓട്ടോമേറ്റെഡ് ആവുമെന്നതാണ്. ഇത് യാത്രക്കാരനെ, വലിയ അളവിൽ വെയ്റ്റിംഗ് മണിക്കൂറുകളുടെ സമയനഷ്ടത്തിൽ നിന്നും അമിതമായ തിരക്കിൽ നിന്നും രക്ഷിക്കും. നടപടികൾ എല്ലാം അതിവേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കും.
എങ്ങനെ പ്രീ-രെജിസ്റ്റർ ചെയ്യാം
ആപ്ലിക്കേഷന്റെ ഓപ്പണിംഗ് സ്‌ക്രീനിന്റെ മുകൾവശത്തായാണ് പ്രീ രെജിസ്റ്റർ ഓപ്‌ഷൻ ഉള്ളത്.
യൂസർനെയിമും പാസ്വേഡും നൽകി ലോഗിൻ ചെയ്ത്, ആക്ടിവേഷൻ മെസേജ് സ്വീകരിച്ച ശേഷം ആവശ്യമായ വ്യക്തിഗത വിവരങ്ങൾ എന്റർ ചെയ്ത് നൽകുകയാണ് വേണ്ടത്. പേഴ്‌സണൽ നമ്പർ, പാസ്പോർട്ട് നമ്പർ, വിസ നമ്പർ (വിസിറ്റേഴ്സിന് മാത്രം) തുടങ്ങിയവയാണ് ആവശ്യമായ വിവരങ്ങൾ.
72 മണിക്കൂറിനുള്ളിലുള്ള പിസിആർ നെഗറ്റീവ് ടെസ്റ്റ് റിസൾട്ട്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് (മുഴുവൻ ഡോസും എടുത്തവർക്ക് മാത്രം), ഡിസ്കവർ ഖത്തറിൽ നിന്നുള്ള ഹോട്ടൽ ക്വാറന്റൈൻ ബുക്കിംഗ് രേഖകൾ, 9 മാസത്തിനുള്ളിൽ കോവിഡ് വന്നു മാറിയവർക്ക് അത് സൂചിപ്പിക്കുന്ന അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റ്, ജിസിസി പാസ്പോർട്ട് (ജിസിസി പൗരന്മാർക്ക് മാത്രം) എന്നീ രേഖകളും അപേക്ഷയോടൊപ്പം ആപ്പിൽ അറ്റാച്ച് ചെയ്യാം.
ഒരു യാത്രക്കാരന് തന്റെ അതേ ഫ്ളൈറ്റിൽ യാത്ര ചെയ്യുന്ന ഒരു കുടുംബാംഗത്തിന് വേണ്ടിയും ഇഹ്തിറാസ് ആപ്പിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ അവസരമുണ്ട്. അതേ സമയം ഓരോ യാത്രക്കാരന്റെ വിവരങ്ങൾ അവലോകനം ചെയ്തുള്ള തീരുമാനങ്ങൾ പൂർണമായും അയാളുടെ വ്യക്തിഗത വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും.
ഇഹ്തിറാസ് ആപ്പിൽ പ്രീരജിസ്ട്രേഷൻ ചെയ്യേണ്ടത് നിർബന്ധമല്ല. എന്നാൽ ഗുണവശങ്ങൾ പരിഗണിക്കുമ്പോൾ ഈ സൗകര്യം ഉപയോഗപ്പെടുത്തൽ ഖത്തറിലെത്തുന്ന യാത്രക്കാർക്ക് ഏറെ പ്രയോജനകരമാണ്.