അൽ ഷമാൽ റോഡിനിരുവശവും നട്ടുപിടിപ്പിച്ചത് നാലായിരത്തിലധികം തണൽമരങ്ങൾ
ദോഹ: ദോഹ ഫെസ്റ്റിവൽ സിറ്റിക്കും അൽ ഖോറിനുമിടയിലുള്ള പ്രധാന പാതയായ അൽ ഷമാൽ റോഡിന് ഇരുവശത്തും നാലായിരത്തി നാന്നൂറോളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ഖത്തർ റോഡ് സൗന്ദര്യവൽക്കരണ സൂപ്പർവൈസിംഗ് കമ്മറ്റി. 23 കിലോമീറ്റർ ദൂരത്തിൽ രണ്ട് ദിശകളിലുമായാണ് മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുള്ളത്. മിക്ക മരങ്ങളും ഖത്തറിലെ തദ്ദേശീയ ഭൂപ്രകൃതിയിൽ വളരുന്നവയാണ്. സിദ്ർ മരം, അനേഷ്യ അറബിക്ക തുടങ്ങിയ സ്പിഷീസുകൾ എല്ലാം തന്നെ ഖത്തറിലെ ചൂടുള്ള കാലാവസ്‌ഥയ്ക്ക് അനുയോജ്യവുമാണ്. ഏറ്റവും കുറവ് വെള്ളം ആവശ്യമായ സ്പിഷീസുകളെയാണ് റോഡിനിരുവശവും നടാനായി തിരഞ്ഞെടുത്തത് എന്നു സൂപ്പർവൈസിംഗ് കമ്മറ്റി പ്രോജക്ട് മാനേജർ ജാസിം അബ്‍ദുൽറഹ്മാൻ ഫഖ്രൂ പറഞ്ഞു.
പദ്ധതിയുടെ 95 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. ഈ വർഷം മൂന്നാം പാദത്തോടെ പൂർത്തീകരണത്തിലെത്തുന്ന പദ്ധതിയിൽ സ്വീവേജ് ഉപയോഗിച്ചുള്ള ജലസേചനവും മരങ്ങളുടെ കീഴിലുള്ള തണലിടങ്ങളും ഉൾപ്പെടുന്നു.