ദോഹ: ഖത്തറിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ്2 ആപ്പിലൂടെ ഇനി ഇന്ത്യക്കാർക്കും ഫാമിലി വിസയ്ക്ക് അപേക്ഷിക്കാം. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണ് ഖത്തറിൽ ഇന്ത്യക്കാർക്ക് ഫാമിലി വിസയ്ക്കുള്ള അനുമതി മന്ത്രാലയം പിൻവലിച്ചത്. തുടർന്ന് സോഷ്യൽ മീഡിയയിലൂടെയും മറ്റും ഇന്ത്യൻ പ്രവാസികളുടെ ആവർത്തിച്ചുള്ള അഭ്യർത്ഥനയ്ക്കാണ് ഇപ്പോൾ പരിഹാരം ഉണ്ടായിരിക്കുന്നത്. ഇന്ത്യക്കാരായ താമസക്കാർക്ക് ഇനി ആവശ്യമായ വിവരങ്ങൾ ഓണ്ലൈൻ ആയി പൂരിപ്പിച്ച് ഫാമിലി വിസയ്ക്ക് അപേക്ഷിക്കാൻ സാധിക്കും.
ഏതാനും ദിവസങ്ങൾക്ക് മുൻപ് മെട്രാഷ് ആപ്പിൽ മറ്റുപല രാജ്യകാർക്കുമുള്ള അപേക്ഷ പുനസ്ഥാപിച്ച കൂട്ടത്തിൽ ഇന്ത്യയെയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ശക്തമായ ട്രാഫിക്ക് കാരണം തുടർന്ന് ഇന്ത്യയെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. സാങ്കേതിക തകരാറുകൾ പരിഹരിച്ച് നിലവിൽ ഇന്ത്യയെ വീണ്ടും ഉൾപ്പെടുത്തുകയാണ് ഉണ്ടായത്.