സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണം; തദ്ദേശീയർക്ക് ജോലി കണ്ടെത്തുന്നതിനു പരിശീലനം നൽകാനുള്ള കരാർ ഒപ്പുവെച്ചു
സ്വകാര്യ മേഖലയിൽ ജോലി അന്വേഷിക്കുന്ന ഖത്തരി പൗരന്മാർക്ക് തൊഴിൽ യോഗ്യതാ പദ്ധതികൾ സൃഷ്‌ടിക്കുന്നതിനു വേണ്ടി ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജുവേറ്റ് സ്റ്റഡീസുമായി (ഡിഐജിഎസ്) തൊഴിൽ മന്ത്രാലയം (എംഒഎൽ) ചൊവ്വാഴ്ച്ച കരാർ ഒപ്പുവച്ചു. സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ തൊഴിലന്വേഷകരുടെ കഴിവുകൾ മെച്ചപ്പെടുത്തുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള ശൈഖ അബ്ദുൾറഹ്മാൻ അൽ ബാദിയും ദോഹ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഇമാൻ അബ്ദുല്ല അൽ സുലൈത്തിയുമാണ് കരാറിൽ ഒപ്പുവെച്ചത്. 2024–2030ലെ മൂന്നാം ദേശീയ വികസന തന്ത്രവുമായി സംയോജിച്ച് പൗരന്മാരെ ശാക്തീകരിക്കുന്നതിനും തൊഴിൽ വിപണിയിൽ മത്സരിക്കാൻ അവരെ സഹായിക്കുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ ലക്ഷ്യത്തെ പിന്തുണക്കുന്നതാണ് ഈ കരാർ.
‘കവാദർ’ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്‌ത തൊഴിലന്വേഷകർക്ക് സ്വകാര്യ കമ്പനികളിൽ ജോലി കണ്ടെത്തുന്നതിന് പരിശീലനം നൽകുകയാണ് കരാറിൻ്റെ ലക്ഷ്യമെന്ന് അൽ ബാദി വിശദീകരിച്ചു. ഡിഐജിഎസിലെ വിദഗ്ദരുടെ നേതൃത്വത്തിലായിരിക്കും പരിശീലനം.
ഖത്തർ പൗരന്മാർക്കും ഖത്തരി വനിതകളുടെ കുട്ടികൾക്കുമായി പ്രത്യേക പരിശീലന പരിപാടികൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ കരാറിൽ ഉൾപ്പെടുന്നു. ചില സ്വകാര്യ മേഖലയിലെ ജീവനക്കാർ ഈ പരിശീലന പരിപാടികളിൽ പങ്കെടുത്ത്, അവരുടെ അറിവും വൈദഗ്ധ്യവും പങ്കിടുമെന്നതിനാൽ മന്ത്രാലയത്തിൻ്റെ വകുപ്പിന് പ്രയോജനം ലഭിക്കും.