ഖത്തറിൽ സീസണൽ പച്ചക്കറി വിപണികൾ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും

2025/2026 സീസണിലെ പ്രാദേശിക കാർഷികോൽപ്പന്ന വിപണികൾ നാളെ (2025 നവംബർ 6) മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം – കൃഷികാര്യ വകുപ്പ് അറിയിച്ചു.
അൽ ഖോർ, അൽ തഖിര, അൽ വക്ര, അൽ ഷമാൽ, അൽ ഷഹാനിയ എന്നിവിടങ്ങളിലായിരിക്കും ഈ വിപണികൾ സ്ഥിതി ചെയ്യുന്നത്, അതേസമയം വർഷം മുഴുവനും പ്രവർത്തിക്കുന്ന അൽ മസ്രൂഅ മാർക്കറ്റും വിപണിയുടെ ഭാഗമാണ്.
ഉയർന്ന നിലവാരമുള്ള കാർഷിക ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന 100-ലധികം ഖത്തറി ഫാമുകളുടെ പങ്കാളിത്തത്തോടെ എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും രാവിലെ 7 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ വിപണികൾ സന്ദർശകർക്കായി തുറന്നിരിക്കും.
മുനിസിപ്പാലിറ്റി മന്ത്രാലയം നടപ്പിലാക്കുന്ന ഈ സംരംഭം, പ്രാദേശിക കാർഷിക ഉൽപ്പാദനം ശക്തിപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും ഖത്തരി ഫാമുകൾക്കിടയിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
പ്രാദേശിക കാർഷികോൽപ്പന്നങ്ങളുടെ വിപണനത്തെ പിന്തുണയ്ക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും കർഷകർക്കും ഉപഭോക്താക്കൾക്കും ഇടയിൽ നേരിട്ടുള്ള വിൽപ്പന മാർഗങ്ങൾ തുറക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സീസൺ ആരംഭിക്കുന്നത്.




