ദോഹ: ഖത്തറിലെ കോവിഡ് ടെസ്റ്റ് പോളിസിയിൽ മാറ്റം. താഴെപ്പറയുന്ന വിഭാഗങ്ങൾക്ക് ഇനി പിസിആർ ടെസ്റ്റിന് പകരം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ഉപയോഗിച്ചാൽ മതി:
– 50 വയസ്സിന് താഴെയുള്ള കോവിഡ് ലക്ഷണങ്ങളുള്ളവർക്ക്
– കോവിഡ് പോസിറ്റീവ് ആയവരുമായി സമ്പർക്കം പുലർത്തിയ 50 വയസ്സിന് താഴെയുള്ള ആളുകൾക്ക്.
– വിദേശത്ത് നിന്ന് ഖത്തറിലെത്തിയ ശേഷം യാത്രക്കാർക്ക്.
റാപ്പിഡ് ആന്റിജൻ ടെസ്റ്റിൽ പോസിറ്റീവ് ആയ ആളുകൾക്ക് പിന്നെയും പിസിആർ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു.
കൊവിഡ് കണ്ടെത്തുന്നതിന് ദ്രുതവും കൃത്യവുമായ പരിശോധനയാണ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നൽകുന്നത്. പരിശോധനയ്ക്ക് വ്യക്തിയിൽ നിന്ന് ഒരു നാസൽ സ്വാബ് എടുക്കേണ്ടതുണ്ട്. ഫലം ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിക്കും.
അതേസമയം, രോഗലക്ഷണങ്ങൾ കാണിക്കുന്നവരോ കൊവിഡ് ബാധിച്ചവരുമായി സമ്പർക്കം പുലർത്തുന്നവരോ ആയ 50 വയസ്സിനു മുകളിൽ പ്രായമുള്ളവരെ പിസിആർ പരിശോധനയ്ക്ക് വിധേയമാക്കും.
പുതിയ മാറ്റം 2022 ജനുവരി 5, ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇത് മൂലം ഖത്തറിലെ പിസിആർ പ്രതിസന്ധിക്ക് പരിഹാരമാവുകയും പരിശോധനയും ഫലങ്ങളും വേഗത്തിൽ ലഭിക്കാനും കഴിയുമെന്നാണ് കരുതുന്നത്.
ഇന്ന് മുതൽ, PHCC ആരോഗ്യ കേന്ദ്രങ്ങളിൽ നടത്തുന്ന റാപ്പിഡ് ആന്റിജൻ ടെസ്റ്റുകളുടെ ഫലങ്ങൾ ടെസ്റ്റ് കഴിഞ്ഞ് 2 മണിക്കൂറിനുള്ളിൽ വ്യക്തികൾക്ക് SMS വഴി അയയ്ക്കും. പരിശോധന കഴിഞ്ഞ് 4 മണിക്കൂറിനുള്ളിൽ ഇഹ്തിറാസ് ആപ്പിലും ഫലം ദൃശ്യമാകും.
സ്വകാര്യ മെഡിക്കൽ സൗകര്യങ്ങളിൽ നടത്തുന്ന റാപ്പിഡ് ആന്റിജൻ ടെസ്റ്റുകളുടെ ഫലങ്ങൾ 2022 ജനുവരി 10 തിങ്കളാഴ്ച മുതൽ മാത്രമേ ഇഹ്തെറാസ് ആപ്ലിക്കേഷനിൽ ലഭിക്കൂ.