ദോഹ: ഖത്തറിൽ ഇന്ന് 2273 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 1687 പേർ ഖത്തറിലുള്ളവരും 586 പേർ വിദേശത്ത് നിന്നെത്തിയ യാത്രക്കാരുമാണ്. രോഗമുക്തി വെറും 193 ൽ ഒതുങ്ങിയതോടെ ആകെ രോഗികൾ 10419 ആയി. 60 പുതിയ രോഗികൾ ഉൾപ്പെടെ ആശുപത്രി പ്രവേശനം 446 ആയി ഉയർന്നു.
അതേസമയം, രാജ്യത്ത് അതിവേഗ രോഗവ്യാപനത്തിൽ ഒമിക്രോണ് വകഭേദത്തിന്റെ പങ്ക് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോൺ വേരിയന്റ് കേസുകൾ അതിവേഗം പടരുന്നുണ്ടെങ്കിലും, 85 ശതമാനത്തിലധികം പേർ വാക്സീൻ സ്വീകരിച്ചതിനാൽ ഖത്തറിലിത് മിതമായ ലക്ഷണങ്ങളോടെ മാത്രമാണ് പ്രതിഫലിക്കുന്നതെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ അണുബാധ നിയന്ത്രണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ജമീല അൽ അജ്മി ഇന്നലെ ഖത്തർ ടിവിയിൽ പറഞ്ഞു.
രാജ്യം ഈ ശനിയാഴ്ച മുതൽ ഇൻഡോർ ഔട്ട്ഡോർ മേഖലകളിലെ പ്രവേശനം ഉൾപ്പെടെയുള്ളവയിൽ കനത്ത നിയന്ത്രണങ്ങളുമായി പുതിയ കോവിഡ് നിയന്ത്രണത്തിന് തുടക്കം കുറിക്കുകയാണ്.
ഇന്ന് 35340 ടെസ്റ്റുകളാണ് നടന്നത്. പിസിആർ ദൗര്ലഭ്യത്തെ അതിജീവിക്കാൻ ഇന്ന് മുതൽ വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർക്കും 50 വയസ്സിൽ താഴെയുള്ള ആളുകൾക്കും പിസിആറിന് പകരം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് അനുവദനീയമാക്കി.