മൂന്ന് അവാർഡുകൾ സ്വന്തമാക്കി ഖത്തറിലെ മെരിയാൽ വാട്ടർപാർക്ക്
ഖത്തറിലെ ഏറ്റവും മികച്ച വാട്ടർപാർക്കായ മെരിയാൽ വാട്ടർപാർക്ക് ആംസ്റ്റർഡാമിൽ നടന്ന പാർക്ക് വേൾഡ് എക്‌സലൻസ് സെറിമണി 2024ൽ മൂന്ന് അവാർഡുകൾ നേടി. പുതുമ, അതിഥികൾക്കു നൽകുന്ന അനുഭവം, സാംസ്‌കാരിക പ്രാധാന്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വാട്ടർപാർക്ക് ഇന്ഡസ്ട്രിക്ക് നൽകിയ സംഭാവനകളുടെ പേരിൽ മെരിയാൽ വാട്ടർപാർക്ക് പ്രശംസ നേടി.
പാർക്കുകൾ സാംസ്‌കാരിക പൈതൃകത്തിനെയും ആധുനിക രൂപകൽപ്പനയെയും ഇണക്കിച്ചേർക്കുന്നതിനെയും, ഇത് ലോകമെമ്പാടുമുള്ളവരുടെ പ്രധാന ആകർഷണമായി മാറുന്നതിനെയും പരിഗണിച്ചു കൊണ്ടായിരുന്നു ഈ വർഷത്തെ മികച്ച വാട്ടർപാർക്ക് അവാർഡ് തീരുമാനിച്ചത്.
ആവേശകരമായ റൈഡുകൾക്കും നൂതന സവിശേഷതകൾക്കും മികച്ച കസ്റ്റമർ സർവീസിനും പേരുകേട്ടതാണ് മെറിയൽ വാട്ടർപാർക്ക്. ഗൾഫ് മേഖലയുടെ എണ്ണ-വാതക പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച അവരുടെ ഐക്കൺ ടവറിന് ബെസ്റ്റ് വാട്ടർ പാർക്ക് എക്സ്പീരിയൻസ് അവാർഡ് ലഭിച്ചു.
“ദി റിഗ് 1938” എന്നും വിളിക്കപ്പെടുന്ന ഈ ടവർ, ഏറ്റവും ഉയരം കൂടിയ വാട്ടർസ്ലൈഡിനും ഏറ്റവും കൂടുതൽ സ്ലൈഡുകളുള്ള ടവറിനുമുള്ള രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ കൈവശം വെച്ചിരുന്നു. കൂടുതൽ ത്രില്ലുകൾക്കായി പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള ചില തുരങ്കങ്ങൾ ഉൾപ്പെടെ 12 സ്ലൈഡുകൾ ഇതിലുണ്ട്.
ഐക്കൺ ടവറിനു തന്നെ ബെസ്റ്റ് പ്രൊഡക്ഷൻ ഇന്നൊവേഷൻ അവാർഡും പാർക്കിന് ലഭിച്ചു. 85 മീറ്ററിലധികം ഉയരമുള്ള ഇത് എല്ലാ പ്രായക്കാർക്കും ആവേശകരമായ വാട്ടർ സ്ലൈഡുകൾ വാഗ്ദാനം ചെയ്യുന്നു.
“ഞങ്ങളുടെ അതിഥികൾക്ക് ലോകോത്തര അനുഭവങ്ങൾ നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധത തെളിയിക്കുന്ന ഈ അവാർഡുകൾ ലഭിച്ചതിൽ അഭിമാനമുണ്ട്.” മെറിയൽ വാട്ടർപാർക്കിൻ്റെ ജനറൽ മാനേജർ ബിൽ ലെൻ്റ്സ് പറഞ്ഞു.