ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് കുറഞ്ഞ പലിശയിൽ വായ്പ്പ; കേരള ബജറ്റ് 2.0
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായ് തിരിച്ചെത്തുകയോ തിരികെ മടങ്ങാൻ സാധിക്കുകയോ ചെയ്യാത്ത പ്രവാസികള്‍ക്ക് ആശ്വാസമായ് പുതിയ വായ്പ പദ്ധതിക്ക് തുടക്കം കുറിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച കേരള ബജറ്റ്. ഈ പ്രവാസികൾക്ക് സ്വയം തൊഴിലിനായിരിക്കും കുറഞ്ഞ പലിശ നിരക്കിൽ വായ്പ അനുവദിക്കുക. ഇതിനായി നോര്‍ക്ക സെല്‍ഫ് എംപ്ലോയ്മെന്റ് സ്കീമിൽ 1000 കോടിയാണ് നീക്കി വെച്ചത്. പലിശ ഇളവിനായി 25 കോടിയും വകയിരുത്തിയിട്ടുണ്ട്.
മറ്റു വായ്പ്പാ പദ്ധതികൾ
എസ്സി/എസ്ടി സംരംഭകര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കാനുള്ള പദ്ധതിക്ക് പത്ത് കോടി രൂപ അനുവദിച്ചു. കാര്‍ഷിക, വ്യവസായ, വാണിജ്യ, സേവന മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും നിലവില്‍ പ്രവര്‍ത്തന ക്ഷമമമല്ലാത്ത സംരംഭങ്ങള്‍ മെച്ചപ്പെടുത്താനും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കാനായി 1600 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ചെറുകിട, ഇടത്തരം സംരംഭകർക്ക് അധിക മൂലധനത്തിന് കുറഞ്ഞ പലിശയിൽ വായ്പയും ടേം ലോണും ലഭ്യമാക്കും. ഇതിനായി 2000 കോടിയോളം പലിശ ഇളവ് നൽകും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് വഴി കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാക്കാൻ 1000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.