ഖത്തർ സ്‌കോളർഷിപ്പ് മറ്റു രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കും; ഖത്തറിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ സൗജന്യമായി പഠിക്കാം.
ദോഹ: ഖത്തറിന്റെ അന്താരാഷ്ട്ര വികസന സഹായനിധിയായ ‘ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ്’ (QFFD) ന്റെ ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പ് പുറം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. ഖത്തറിലെ രണ്ട് പ്രധാന ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളുമായി ഇത് സംബന്ധിച്ച കരാർ ഒപ്പ് വച്ചു.
ലുസൈൽ യൂണിവേഴ്സിറ്റിയുമായി ഒപ്പ് വച്ച പദ്ധതി വികസ്വരരാജ്യങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ബിരുദ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ളതാണ്. ലുസൈൽ യൂണിവേഴ്‌സിറ്റിയിലെ വിവിധങ്ങളായ ബിരുദ കോഴ്‌സുകളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വികസ്വര രാജ്യങ്ങളിൽ നിന്നുള്ള അർഹരായ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പിന്റെ ഗുണഫലം. ഖത്തറിലെ താമസക്കാരല്ലാത്ത ഈ വിദ്യാർത്ഥികളുടെ മുഴുവൻ ട്യൂഷൻ ചെലവും ഇളവ് ചെയ്യുന്നതാണ് സ്‌കോളർഷിപ്പ്. ലുസൈൽ യൂണിവേഴ്‌സിറ്റിയുമായി ഇതാദ്യമായാണ് QFFD ഒരു കരാറിൽ ഏർപ്പെടുന്നത്.
ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസുമായി ചേർന്നാണ് രണ്ടാമത് പദ്ധതി. വികസ്വരരാജ്യങ്ങളിൽ നിന്നുള്ള അർഹരായ വിദ്യാർത്ഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിൽ ഒരു ബിരുദാനന്തര ബിരുദ കോഴ്‌സിനാവശ്യമായ സ്‌കോളർഷിപ്പ് ആണ് ഇത് വഴി നൽകുന്നത്. ഖത്തറിന് പുറത്ത് നിന്നുള്ള വിദ്യാർത്ഥികളുടെ 5 വർഷം വരെ നീണ്ടു നിൽക്കാവുന്ന പഠനച്ചെലവ് പൂർണ്ണമായും QFFD വഹിക്കും. 2018 ലും ഇൻസ്റ്റിറ്റ്യൂട്ടുമായി ഇത് സംബന്ധിച്ച എം.ഒ.യു QFFD ഒപ്പ് വച്ചിട്ടുണ്ട്.
രണ്ട് പദ്ധതികളും ഖത്തർ സ്‌കോളർഷിപ്പിന്റെ ഭാഗമാണ്. വികസ്വരരാജ്യങ്ങളിലെ വിദ്യാഭ്യാസമുന്നേറ്റത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ അന്തർദേശീയ വിദ്യാർത്ഥികളെ ഖത്തറിലെ ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്ക് ആകർഷിക്കാനുമാണ് പദ്ധതികൾ ലക്ഷ്യമിടുന്നത്.