BusinessQatar

90 ശതമാനം വരെ ഡിസ്കൗണ്ട്; ‘ഷോപ്പ് ഖത്തർ’ വീണ്ടുമെത്തുന്നു

കഴിഞ്ഞ 18 മാസത്തോളമായി കോവിഡ് കാരണം നിലച്ചുപോയ ഖത്തർ ടൂറിസം ഒരുക്കുന്ന ‘ഷോപ്പ് ഖത്തർ’ വാണിജ്യോത്സവം തിരിച്ചു വരുന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന ഈ വർഷത്തെ ഷോപ്പ് ഖത്തർ ഫെസ്റ്റിവൽ സെപ്റ്റംബര് 10 മുതല് ഒക്ടോബര് 10 വരെയാണ് നടക്കുക. ഷോപ്പിംഗും വിനോദവും ഒരുപോലെ സമ്മേളിക്കുന്ന ഷോപ്പ് ഖത്തർ ആഘോഷം പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുക. ഷോപ്പ് ഖത്തറിന്റെ അഞ്ചാം എഡിഷനാണ് ഈ വർഷത്തേത്.

ദോഹയുടെ വ്യത്യസ്ത ഭാഗങ്ങളിലുള്ള 15 കേന്ദ്രങ്ങളിലായി 90 ശതമാനം വരെ ഡിസ്കൗണ്ടില് വാണിജ്യവസ്തുക്കളുടെ വിൽപ്പനയാണ് ‘ഷോപ്പ് ഖത്തർ’. ഹമദ് ഇന്റര്നാഷണൽ എയര്പോര്ട്ടില് ഖത്തർ ഡ്യൂട്ടി ഫ്രീയും മേളയുടെ ഭാഗമാകുന്നതോടെ വാണിജ്യോത്സവത്തിന് അന്താരാഷ്ട്ര നിറം കൈവരുന്നു.  രാജ്യമെമ്പാടുമുള്ള 60-ലധികം പ്രമുഖ ഹോട്ടലുകൾ കുടുംബങ്ങൾക്ക് ആകര്ഷകമായ ഓഫറുകളും പ്രമോഷനുകളുമായി മേളയിലുണ്ടാകും.

നാല് പ്രതിവാര നറുക്കെടുപ്പിലൂടെ നാല് മില്യൺ റിയാലില് കൂടുതൽ പണവും കാറുകളും ഉൾപ്പെടെയുള്ള നൂറുകണക്കിന് സമ്മാനങ്ങളും ഷോപ്പ് ഖത്തർ ഉപഭോക്താക്കൾക്ക് നൽകും. ആയിരക്കണക്കിന് ഖത്തര് ഡ്യൂട്ടി ഫ്രീ ഗിഫ്റ്റ് വൗച്ചറുകള് നേടാനും ഷോപ്പർമാർക്ക് അവസരമുണ്ട്.

ഖത്തര്-യുഎസ്എ സാംസ്‌ക്കാരിക വർഷത്തെ ആഘോഷമാക്കുന്ന പോപ്പ്-അപ്പ് ഷോപ്പുകൾ, ഡിസൈൻ വര്ക്ക്ഷോപ്പുകൾ, രണ്ട് അന്താരാഷ്ട്ര ഫാഷന് ഷോകൾ എന്നിവ മേളയുടെ ആകർഷണമാണ്. മുശൈരിബ് ഡൗണ് ടൗണിലെ ദോഹ ഡിസൈൻ ഡിസ്ട്രിക്റ്റിൽ ആദ്യമായി ഷോപ്പ് ഖത്തർ ഡിസൈൻ വീക്കും അരങ്ങേറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button