ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ ഓർച്ചാർഡിന് LEED ഗോൾഡ് സർട്ടിഫിക്കേഷൻ
ഖത്തറിലെ വിമാനത്താവളങ്ങൾ കൈകാര്യം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന MATAR എന്ന കമ്പനി പരിസ്ഥിതി സുസ്ഥിരതയിൽ സുപ്രധാന നേട്ടം സ്വന്തമാക്കി. ഓർച്ചാർഡ് എന്ന ഇൻഡോർ ട്രോപ്പിക്കൽ ഗാർഡനുള്ള ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ സെൻട്രൽ കോൺകോഴ്‌സിന് LEED ഗോൾഡ് സർട്ടിഫിക്കേഷൻ ലഭിച്ചു. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ നിർമ്മാണ രീതികളോടുള്ള വിമാനത്താവളത്തിൻ്റെ പ്രതിബദ്ധത ഇത് വ്യക്തമാക്കുന്നു.
LEED സർട്ടിഫിക്കേഷൻ സുസ്ഥിരതയെ വ്യക്തമാക്കുന്നതും ഗ്രീൻ ബിൽഡിങ്ങുകളെ റേറ്റുചെയ്യുന്നതിന് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന സംവിധാനങ്ങളിലൊന്നുമാണ്. ഊർജ്ജ കാര്യക്ഷമത, ജല ഉപയോഗം, വായു ഗുണനിലവാരം, മെറ്റീരിയൽ തിരഞ്ഞെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട കർശനമായ പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് കെട്ടിടങ്ങൾ ഈ സർട്ടിഫിക്കേഷൻ നേടുന്നത്.
വിമാനത്താവളത്തിൻ്റെ വിപുലീകരണ പദ്ധതിയുടെ ഭാഗമാണ് ഓർച്ചാർഡ് സ്ഥിതി ചെയ്യുന്ന സെൻട്രൽ കോൺകോർസ്. ഇത് 30% കുറവ് ഊർജ്ജവും 55% കുറവ് വെള്ളവും ഉപയോഗിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഈ നേട്ടത്തോടെ, LEED സർട്ടിഫിക്കേഷനുകൾ ലഭിച്ച ലോകമെമ്പാടുമുള്ള വളരെ കുറഞ്ഞ എണ്ണം എയർപോർട്ട് ടെർമിനലുകളുടെ ഗ്രൂപ്പിൽ ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടും ചേരുന്നു.